Tuesday, February 4, 2014

ഒര്മപൂക്കൾ


ജൂലൈ അഞ്ച്..........
ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു ദിനം.
എഴുത്തിന്റെ രാജകുമാരന്‍...............,.............. 
സുല്‍ത്താന്‍.............,....................... 
ഇഹലോകവാസം വെടിഞ്ഞു എന്നത് ഒരു ഭീതിയോടെ ആണ്, 
നേരം വൈകി എങ്കിലും അറിഞ്ഞത്.
ഒരിക്കല്‍ മാത്രേ അദ്ദേഹത്തിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചിട്ടുള്ളൂ.
മിണ്ടാന്‍ ഒന്നും ഇല്ലാതെ,
മറ്റുള്ളവരോട് പറയുന്നതും പെരുമാറുന്നതും കണ്ടു കുറച്ചു ദൂരെ ഞാന്‍ ആരാധനയോടെ നോക്കി നില്‍ക്കുമ്പോള്‍, ഇടയ്ക്കിടെ ആ കണ്ണുകള്‍ എന്നിലൂടെ ഓടിച്ചു പോകുന്ന പോലെ എനിക്ക് തോന്നിയിരുന്നു.
"നീ ഇങ്ങോട്ട് വാടാ.........."
പേടിച്ചു വിറച്ചു അടുത്ത് ചെന്നപ്പോള്‍ ചുമലില്‍ തട്ടി പറഞ്ഞു
"ഈ കള്ള ഹിമാറുകളുടെ കൂടെ നടന്നിട്ട് ജീവിതത്തിനു അര്‍ത്ഥമില്ലാതെ കഴിച്ചുകൂട്ടരുത്.....!!!"
അതായിരുന്നു അവസാനത്തെ വാക്കുകള്‍.
അതൊരു ദേവവാക്യമായി ഇന്നും എന്റെ കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു.
ആ സ്വരത്തിന് അന്നും ഇന്നും എന്നില്‍ പതിനേഴിന്റെ വശ്യത.
സുല്‍ത്താന്‍............,............
നിങ്ങളിന്നും കഥകളായും,
ജീവിതമായും,
ഉപദേശമായും,
സങ്കടങ്ങളില്‍ ചാലിച്ച നര്‍മ്മത്തിന്റെ തേന്‍കണങ്ങളായും,
ജീവിക്കുന്നു ഞങ്ങളിലൂടെ.
പ്രണാമം.....!!!
-----------------------------------

ഇനി ഈ ചിത്രത്തിലെ സന്ദര്‍ഭം പറയാം.(ഒരു ബ്ലോഗില്‍ നിന്നും)
സുല്‍ത്താന്റെ ഒരു തമാശ പറയാതെ ഈ ഓര്മ കുറിപ്പിന് ഒരു വിരാമം വരില്ല.
ഒരിക്കല്‍ എം.എഫ് ഹുസൈന്‍ തന്റെ കാല്‍ മുട്ടില്‍ ഡ്രോയിംഗ് ബുക് ചേര്‍ത്തു വെച്ച് ഏകാഗ്രമായ വരയില്‍.
വൈക്കം മുഹമ്മദു ബഷീറിനെ വരയ്ക്കുന്നു. ഒടുവില്‍ വര തീര്‍ന്നു.
ഹുസൈന്റെ പടം വരപ്പു പുസ്തകത്തിലേക്ക് എത്തി നോക്കിയിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ ജോറായി ഒരു ചോദ്യമിടുകയാണ്:
‘ആരാ ഇത്?’



മുരിങ്ങയില പാചകം


ഞാൻ നാട്ടിൽ നിന്നും വിത്ത് കൊണ്ടുവന്നു ഉണ്ടാക്കിയെടുത്ത മുരിങ്ങയിൽ നിന്നും ഇലനുള്ളി ഉണ്ടാക്കിയ മുരിങ്ങയില തോരൻ 
---------
ഇത് പാചകം ചെയ്യാൻ ചെയ്ത പ്രയത്നങ്ങൾ:
നാലുമണി മുതൽ 7.30 വരെ, ഇല നുള്ളി ഇല നുള്ളി വൃത്തിയാക്കി. (കൂടെ എന്റെ സഹ മെസ്സിയനും ഉണ്ടായിരുന്നു)
കഴുകി, വെള്ളം വാലാൻ വെച്ചു.
ഇതിനിടയിൽ, ഒരു മുറി തേങ്ങയും
വറ്റൽ മുളക് പൊടിയും (ചതച്ച മുളക് _ വേടിക്കാൻ കിട്ടും)
വെളുത്തുള്ളിയും
ചുമന്നുള്ളിയും (ചെരുള്ളി)
ഇഞ്ചിയും ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും
ഒരു തണ്ട് വേപ്പിലയും
കൂടെ മിക്സിയിൽ ചമ്മന്തി പോലെ അരചെടുത്തു.
വെള്ളം വാർന്ന് കഴിഞ്ഞ മുരിങ്ങയിലയിൽ ചമ്മന്തി ചേർത്ത് നന്നായി ഇളക്കി.
അതവിടെ ഇരിക്കട്ടെ.........
ഒരു കുക്കറിൽ കുറച്ചു പരിപ്പെടുത്ത്
വേവാൻ വെച്ചു. ഒറ്റ വിസിലിൽ തീ ഓഫ്‌ ചെയ്തു.
(പല പരിപ്പുകല്ക്ക് പല വേവാണ്‌, പരിപ്പിന്റെ വേവ് എങ്ങിനെ എന്ന് പരിപ്പിനോട് ചോദിച്ചിട്ട് മാത്രം കുക്കറിൽ ഇട്ടാൽ മതി. കാരണം, മുരിങ്ങയില തോരന്, പരിപ്പ് വെന്തു ഉടയാൻ പാടില്ല)
തീ ഓഫ് ചെയ്ത ഉടനെ, ഞാൻ ഒരു
സൂത്രം ചെയ്തു. കുക്കറിലെ പ്രെഷർ വേഗം
നീക്കം ചെയ്തു മൂടി തുറന്നു മുരിങ്ങയില അതിലേക്കു ഇട്ടു കൊടുത്തു, കുക്കര് പഴയത് പോലെ മൂടി വെച്ചു. രണ്ടു മിനിറ്റ് നേരം കത്തിച്ചു. കുക്കറിലെ പ്രെഷർ പോകുന്നത് വരെ കാത്തു നിന്നു.
കുക്കര് തുറന്നു നോക്കിയപ്പോൾ മുരിങ്ങയില ശരിക്കും വെന്തിരുന്നു.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് വേപ്പില മൂപ്പിച്ച്, അതിലേക്കു കുക്കറിലെ ഐറ്റം ചേർത്ത് ചെറുതീയിൽ മൂടിവെച്ചു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒന്ന് ഇളക്കി, വീണ്ടും അഞ്ചു മിനിറ്റ് കത്തിച്ചു മൂടി വെച്ചു.
അത്രതന്നെ.
കുബ്ബൂസിനെ രണ്ടായി വട്ടത്തിൽ കീറി, അതിൽ മുരിങ്ങയില തോരൻ പരത്തി ദിവസം മൂന്നു നേരം കഴിക്കുക.
എന്ത്യേ?

സർദാർ വിശേഷം



വൈകീട്ട് റൂമിലേക്ക്‌ നടക്കുമ്പോൾ, ഇന്ത്യൻ എംബസിയുടെ കവാടത്തിൽ നിന്നും ഒരു സര്ദാര്ജി എന്നെ വിളിച്ചു.
"ഷൂ........ശൂ............" (വലതു കയ്യിന്റെ മൂന്നു വിരൽ കൂര്പ്പിച്ചു പിടിച്ച് വായുവിലേക്ക് ഉയർത്തിയിട്ടും ഉണ്ടായിരുന്നു) 

ഞാൻ കാര്യം ആരാഞ്ഞു "..............................."

സര്ദാര്ജി പറഞ്ഞു 
"ഇന്ത്യൻ എംബസി എപ്പോഴാ തുറക്കാ ഹേ?"

ഞാൻ മൊഴിഞ്ഞു 

"ഇന്ന് റിപബ്ലിക് ഡേ ഹേ"

എന്താണ് അതെന്നായി സര്ദാര്ജി
പെട്ടെന്ന് ഉത്തരം പറയാൻ ആവാതെ ഞാനും കുഴഞ്ഞു.
എത്ര പറഞ്ഞു കൊടുത്തിട്ടും സർദൂനു മനസിലാവുന്നും ഇല്ല.
അവസാനം പറഞ്ഞു

"ഹമാരാ ഭാരത്‌ മേം തീവ്രവാദികളാൽ ബോംബ്‌ ഭീഷണി നടക്കുന്ന ദിവസമാണ് ഇന്ന്. അതുക്കൊണ്ട് എംബസി തുറക്കൂല"
പുറകിൽ വന്ന കർവക്ക് (ഖത്തർ ടാസ്കി) കൈകാണിച്ച് മൂപ്പർ ജീവനും കൊണ്ടോടി.

തൽക്കാൽ സാമ്പാര്


ഓഫീസിൽ നിന്നും വിശപ്പിന്റെ മൂർധന്യത്തിൽ വരിക.
അടുക്കളയിൽ കയറുക.
കേരളത്തിന്റെ തെക്കൻ ജില്ലകളും അവരുടെ സാമ്പാറും ഓർത്തെടുക്കുക.
ഫ്രിഡ്ജ് തുറന്ന്, കറി ഉണ്ടാക്കാൻ എന്താണ് ഉള്ളതെന്ന് നോക്കുക.
അപ്പോൾ, ഒരു വെള്ളരിയും ഒരു ചെറിയ പീസ്‌ മത്തങ്ങയും ഒരു വലിയ തക്കാളിയും കിട്ടും.
അതെടുത്തു നന്നാക്കി, വെള്ളത്തിലിടുക.
കുറച്ചു, പുളിയെടുത്ത് വെള്ളത്തിലിട്ടു വെക്കുക.
അരക്കപ്പ്, പരിപ്പെടുത്ത് കഴുകി, മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ രണ്ടു വിസിൽ വരെ കത്തിക്കുക.
മൂടി തുറന്ന്, മത്തങ്ങ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. വീണ്ടും കത്തിക്കുക.
മത്തങ്ങ വെന്തു വരുമ്പോൾ, വെള്ളരി ചെരുക്കഷ്ണങ്ങൾ ആക്കിയതും ഇട്ടു കൊടുക്കുക. കത്തിക്കുക.
മറ്റൊരു അടുപ്പിൽ, ഒരു ചീനച്ചട്ടി/പാൻ വെച്ച്, അതിൽ, എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, വേപ്പില ഇട്ട്, കുറച്ച് ഉലുവ ഇട്ട്, 4-5 വറ്റൽ മുളക് ഇട്ട്, 3-6 ചെറുള്ളി ഇട്ട് കുറച്ച് ജീരകം ഇട്ട്, കായം ചേർത്ത് വഴറ്റുക. വഴറ്റുന്നതിനിടയിൽ, ഒന്നര സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലിപ്പൊടി, എന്നിവ ചേർത്ത്, വീണ്ടും ഇളക്കി കൊടുക്കുക.
പുളിയുടെ ചാർ ഒഴിച്ച് കൊടുക്കുക.
ഒന്നിളക്കി, ഇപ്പോൾ കുക്കറിൽ വെന്തു കഴിഞ്ഞതിലേക്ക് ഒഴിച്ച് കൊടുക്കുക.
വേണമെങ്കിൽ, അവസാനം രണ്ടു ചെറുള്ളി ചെറുതായി അരിഞ്ഞ്, താളിചെടുക്കാം.
ഫോട്ടോ എടുക്കാം നേരം ചിത്രത്തിലെ പോലെ ഇലകൾ ഇട്ട് സാമ്ബാരിനെ പോസ് ചെയ്യിപ്പിക്കാം.

ഇങ്ങിനെ ചെയ്തു ഉണ്ടാക്കുന്ന സാമ്പാര് കഴിച്ചു ഉണ്ടാവുന്ന രോഗങ്ങള്ക്ക് ഈ പോസ്റ്റോ, ഫെസ്ബൂക്കോ ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങള്ക്ക് ചേര്ക്കാവുന്നതാണ്.


കവല പ്രസംഗം


ജെ.എസ്.എസ് ഉടലെടുത്ത സമയം.
ഞങ്ങളുടെ നാട്ടിലെ മൊത്തം തണ്ണി ഉടമയും അയാളുടെ ഫ്രണ്ട് ആയ കടവിൽ ദാസനും (കുടിയോക്കുടിക്കാരൻ) കൂടെ പഞ്ചായത്ത് തല യൂനിറ്റ് രൂപീകരിച്ചു.
അതിന്റെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഇവർ രണ്ടു  പേരും കൂടെ പഞ്ചായത്ത് ഓഫീസിന്റെ മുന്നില് വൈകീട്ട് മൈക്ക് കെട്ടി നടത്തി.
രണ്ടു പേരും നാട്ടിൽ "അഭിമാനിതർ" ആയതിനാൽ സ്റ്റേജിനു ചുറ്റും കൂടാൻ ആരെയും കിട്ടിയില്ല.
"ജനറൽ" സെക്രട്ടറി പ്രസംഗം തുടങ്ങി.
സത്യത്തിൽ അദ്ദേഹത്തിന് അറിയില്ല ആരാണ് ജെ.എസ്.എസ്. ഉണ്ടാക്കിയത് എന്ന് പോലും.
ജെ.എസ്.എസ്. കാര് പോലും ഈ സമ്മേളനം അറിഞ്ഞിട്ടില്ല.
അയാളുടെ വന്ഗതരം കേള്ക്കാൻ ആളുകള് കൂടി.
പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി ആക്കിയും തിരിച്ചും അയാള് പ്രസംഗം പൊടിപ്പോടിക്കുന്നു.
ഒരു മണിക്കൂർ ആയിട്ടും നിറുത്താതെ ആയപ്പോൾ ഞങ്ങൾ കുറച്ചു പേര് തീരുമാനമെടുത്തു.
അയാളുടെ അടുത്ത് ചെന്ന് ഒന്നുകിൽ പ്രസംഗം നിറുത്തിക്കുക. അല്ലെങ്കിൽ ആ മൈക്ക് എടുത്തു കൊണ്ട് പോവുക.
പ്രസംഗ പീഠത്തിനു അടുത്തെത്തിയപ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്.
പ്രാസന്ഗികൻ മുണ്ട് മടക്കി കുത്തി, ബീഡിയും വലിച്ചു ആണ് ഈ "ഒച്ചപ്പാട്" ഉണ്ടാക്കുന്നത്‌.
എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല.


വെറുതെ ഒരു ചിന്ത


എന്തുക്കൊണ്ട് അദ്വൈത ദർശനങ്ങൾക്ക് ഭാരതത്തിൽ വേണ്ടത്ര പ്രീതി ലഭിച്ചില്ല?
ഒന്നേ ഉള്ളൂ ഒന്നേ ഉള്ളൂ ആവര്ത്തിച്ചു പറയുന്ന ഇസ്ലാം മത വിശ്വാസികൾ പോലും അദ്വൈതത്തെ മറ്റൊരു മതമായി കാണാൻ താല്പര്യപെടുന്നത് എന്തായിരിക്കും?
അതോ, ഗൗഡപാദരുടെ സംസ്കൃതം മനസിലാവാതെ പോയതോ?
അല്ലെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകളിലെ ഹൈന്ദവതയെ വായിച്ചതിനാലോ?
ശരിക്കും ആള്ദൈവങ്ങളെ ഉണ്ടാക്കിയത് ഇസ്ലാം മതത്തിൽ ആയിരുന്നില്ലേ?
ഭൂമിയിൽ ഉത്ഭവിച്ച എല്ലാ പ്രവാചകരും മനുഷ്യരാണെന്നുള്ളതിൽ തര്ക്കമില്ല.
പിന്നെ, ദൈവത്തെ അവതരിപ്പിക്കാൻ അവർ ഉദയം പ്രാപിക്കുമ്പോൾ അവിടെ രൂപമെടുക്കുന്നത് ദൈവസിദ്ധാന്തമല്ലേ. അങ്ങിനെ എങ്കിൽ, ആള്ദൈവങ്ങളുടെ മതമെന്ന ഖ്യാതി ഇസ്ലാമിനു മാത്രമേ വന്നു ചേരൂ.  
ഓംകാരത്തിലെ സ്വരങ്ങൾ ശ്രദ്ധിച്ചാൽ ഒരുപക്ഷെ മനസിലാവും അദ്വൈത ദര്ശനം ഹിന്ദു സംസ്ക്കാരത്തിലും ഇസ്ലാം മതത്തിലും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന്.
ഹിന്ദു സംസ്ക്കാരത്തിലും നേരെ മറിച്ചല്ല.
അവിടെയും ആള്ദൈവങ്ങളുടെ ഇടപെടൽ മൂലമായിരിക്കുമോ അദ്വൈത ദർശനങ്ങൾക്ക് അയിത്തം കല്പ്പിച്ചത്?
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
ഇവിടം വരെ പറഞ്ഞു നിറുത്തിയ ഗീത, പിന്നീട് എന്തുക്കൊണ്ട് അദ്വൈത ദർശനങ്ങളുടെ ചുരുളുകൾ അഴിക്കാൻ മടി കാണിച്ചു?
അതോ, വരേണ്യ വര്ഗത്തിന് അത് ഗ്രഹിക്കാൻ പാടില്ല എന്ന സങ്കുചിത ചിന്ത ഉടലെടുത്തതിന്റെ പരിണിത ഫലമോ, ബാക്കിയുള്ളത് മൂടി വെക്കാൻ അവർ തൽപ്പരർ ആയത്?
ഒരുപക്ഷെ, ശരിയായ ആത്മീയ വിദ്യാഭ്യാസം കിട്ടുന്നവര്ക്ക് അദ്വൈതമെന്ന സങ്കല്പത്തെ, അദ്വൈതമെന്ന പ്രതിഭാസത്തെ, അദ്വൈതമെന്ന സിദ്ധാന്തത്തെ തള്ളികളയാൻ ആവില്ല.
എല്ലാ വിശ്വാസങ്ങളിലും ആത്മീയ വിദ്യാഭ്യാസം ശരിയായ രീതിയിൽ കുട്ടികള്ക്ക് കൊടുക്കുവാൻ നാം തയ്യാറാവുക. ഒരുപക്ഷെ അത്, രണ്ടു വിഭാഗങ്ങളിലെ സ്പർദ്ധ ഒഴിവാക്കാൻ സാഹായിചേക്കാം.





പട്ടാണിയുടെ വക ലഞ്ച്


കഴിഞ്ഞ ദിവസം ഖരാഫ അലിസൂക്കിൽ ലഞ്ചിന് കയറി.
കൈകഴുകി, ഒരു ബോട്ടിൽ വെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്തു കസേരയിൽ ഇരുന്നപ്പോൾ, വണ്ടി ലോക്ക് ചെയ്തില്ല എന്ന് ഉള്വിളി ഉണ്ടായി.മോട്ട സെറ്റ് ഓർഡർ ചെയ്ത്, വെള്ളത്തിന്റെ ബോട്ടിൽ മേശപ്പുറത്തു വെച്ച് വണ്ടി ലോക്ക് ചെയ്തു മടങ്ങി വന്നപ്പോൾ ഞാനിരുന്ന സീറ്റിനു ഓപ്പോസിറ്റ് ആയി ഒരു പാക്കിസ്ഥാനി വെള്ളത്താടി കാരണവർ ഇരിക്കുന്നുണ്ടായിരുന്നു. വിയർപ്പിൽ കുളിച്ച്, ആകെ പരവശനായിരുന്നു അദ്ദേഹം. അടുക്കളയിലേക്കു അയാള് തന്റെ ഭക്ഷണ തളിക പ്രതീക്ഷിച്ച് ഇടയ്ക്കിടയ്ക്ക് നോട്ടമിട്ടുകൊണ്ടിരുന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹം രണ്ടോ - മൂന്നോ ഗ്ലാസ് വെള്ളവും കുടിച്ചിട്ടുണ്ട്. ഒരു സപ്പ്ലയർ അദ്ദേഹത്തിന്റെ അടുത്ത് ഓർഡർ എടുക്കാൻ വന്നപ്പോൾ ആൾ പറഞ്ഞു "മേം ഏക്‌ മോട്ട സെറ്റ് ബൊൽദിയാ".
ഞാൻ വെറുതെ ആലോചിച്ചു, ഈ പാക്കിസ്ഥാനി മോട്ട സെറ്റ് കഴിക്കുവോ?
അതിലെന്തിത്ര കാര്യം?
എന്റെകൂടെ സൈറ്റിൽ വരുന്ന ഫിലിപീനോസ് പോലും ഇടയ്ക്കു എന്റെ കൂടെ മോട്ട സെറ്റ് കഴിക്കുന്നു.

അപ്പോഴേക്കും ഞാൻ ഓർഡർ ചെയ്ത ചോറ് വന്നു.
ആ തളിക എന്റെ നേരെ സപ്ലയർ കൊണ്ടുവന്നു വെച്ചപ്പോൾ,  പാക്കിസ്ഥാനി കാർന്നോർ സപ്ലയറൂമായി വളരെ ഉച്ചത്തിൽ വാക്കേറ്റം തുടങ്ങി.
"ഞാൻ ആണ് ആദ്യം വന്നത്, എനിക്ക് ആണ് ആദ്യം തരേണ്ടത്‌ .ബ്ളാ.........ബ്ളാ........ബ്ളാ...."
ഹോട്ടൽ ജീവനക്കാരനും വിട്ടു കൊടുത്തില്ല.
"ഇയാൾ ഇവിടെ നിങ്ങളെക്കാൾ മുന്പ് വന്നു ഓർഡർ ചെയ്തതാണ്. ബ്ളാ.......ബ്ളാ .......... ബ്ളാ........"
ഇതിനിടയിൽ എനിക്ക് തന്ന ഭക്ഷണ തളിക ഞാൻ അദ്ദേഹത്തിന്റെ മുന്നിലേക്ക്‌ വെച്ച് കൊടുത്തു.
ഒരു കൂസലും ഇല്ലാതെ അദ്ദേഹം അത് വേടിച്ചു കഴിച്ചു.
ആ വഴക്ക് അവിടെ തീര്ന്നു.
വളരെ വേഗത്തിൽ........ എനിക്കുള്ള ഭക്ഷണ തളിക വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭക്ഷണം തീരാറായിരിക്കുന്നു.

ഞാൻ കൈ കഴുകി, പൈസ കൊടുക്കാൻ തുനിയുന്ന നേരത്ത് കേഷ്യർ പറഞ്ഞു : "വേണ്ട, ആ പാക്കിസ്ഥാനി കാർന്നോർ തന്നിട്ടുണ്ട്."
സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും ഞെട്ടി.
എന്ത് ചെയ്യണമെന്നു അറിയാതെ, ആ സൂക്കിൽ ഈ പൊരിവെയിലിൽ അദ്ദേഹത്തിനെയും തേടി അലഞ്ഞത് വെറുതെ...........


വട്ടിപലിശയുടെ ആചാരം


വിചിത്രമായ ഒരു വിധി കേള്ക്കണോ?
എന്റെ നാട്ടിൽ പാപ്പുണ്ണി ആശാന്റെ ഒരു ക്ഷേത്രമുണ്ട്.
അത് കണ്ടാൽ, തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളെ ഓർമവരും.
ഇന്നുവരെ എന്റെ നാട്ടിലെ ആളുകള് അവിടെ പോയി തൊഴുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.
എന്നാലോ, എല്ലാ തമിഴരുടെയും ഇഷ്ട്ടദേവ ഗണങ്ങൾ അവിടെ ഇരിപ്പുണ്ട്.
അതുക്കൊണ്ട് തന്നെ തമിഴന്മാരുടെ ഒരു ഘോഷയാത്രയാണ് ആ ക്ഷേത്രത്തിൽ.
ഒരിക്കൽ ആ ക്ഷേത്രത്തിൽ പതിവില്ലാതെ ഒരു ജനക്കൂട്ടം.
ഞാനും, എന്റെ ഓട്ടോ പാര്ക്ക് ചെയ്തിട്ട് ആ കൂട്ടത്തിലോരാളായി മാറി.
അവിടെ കണ്ട കാഴ്ച:
രണ്ട് അടുപ്പിൽ പായസം പോലെ എന്തോ ഉണ്ടാക്കുന്നു.
രണ്ടു ടീമുകളായി അവർ ആ തീയ്യിനു ആവേശം പകരുന്നു.
അടുപ്പിലെ തീജ്വാലകൾ അവർ മത്സരമായി കാണുന്നു.
ആര്പ്പു വിളികൾ.....!!!
ഒരു അടുപ്പിനെ വിജയിപ്പിക്കാൻ ആളുകള് ആവേശം കൊള്ളുന്നു.
അടുത്ത അടുപ്പ് കത്തിക്കാൻ ഒരു അമ്മയും മകളും അതിന്റെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മനസിലാവാത്ത തമിഴിൽ എന്തൊക്കെയോ അവർ പരസ്പ്പരം ഒച്ചവെക്കുന്നുണ്ട്.
എനിക്ക് കാര്യം അറിയാതെ പായസം കാണാൻ താല്പര്യമില്ലാത്തതിനാൽ കൂട്ടത്തിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു അണ്ണനെ വിളിച്ച് കാര്യം തിരക്കി.
അയാള് പറഞ്ഞതിങ്ങനെ.
ഒന്നാമത്തെ അടുപ്പിന്റെ അവകാശി ദുരൈ.
ദുരൈ തെങ്കാശിയിലെ ഒരു കോടീശ്വരൻ ആണ്.
പലിശക്ക് പണം കൊടുക്കുന്ന ആളാണ്‌.
രണ്ടാമത്തെ അടുപ്പിന്റെ അവകാശി കറുപ്പയ്യയും ആളുടെ പൊണ്ടാട്ടിയും മകളും.
അവരും തെങ്കാശിക്കാർ തന്നെ.

അവർ ദുരൈ മുതലാളിയുടെ കയ്യിൽ നിന്നും ഒരു "ലച്ചം" വട്ടിപലിശക്ക്‌ പൈസ വെടിചിട്ടുണ്ട്.
അഞ്ചു വര്ഷം മുന്പ്, കേരളത്തിലേക്ക് മുറുക്ക് കച്ചവടത്തിന് വരും മുന്പ്, കറുപ്പയ്യ
പലപ്പോഴായി മുതലും പലിശയും ഇനത്തിൽ  മടക്കി കൊടുത്തിട്ടുണ്ടെന്ന് അവകാശപെടുന്നു.
ദുരൈ, കറുപ്പയ്യ തന്ന പൈസയുടെ "ബാലന്സ് ഷീറ്റ്" കൊണ്ടുവന്ന് കാണിച്ചിട്ടും കറുപ്പയ്യ സമ്മതിക്കുന്നില്ല.
അവസാനം തര്ക്കമായി.
തര്ക്കം അടിയിൽ....
അടി, ഗ്രൂപ്പ് വഴിക്കിലേക്ക് മാറി.
ഒരാഴ്ച കഴിഞ്ഞ്, പ്രമുഖ മധ്യസ്തരുടെ നേത്രത്വത്തിൽ സത്യം ബോധ്യപെടാൻ
ഇവർ കണ്ടു പിടിച്ച മാര്ഗ്മായിരുന്നു ഈ അടുപ്പ് പൂട്ടൽ മഹാമഹം.
ഇതിൽ, ആരുടെ പായസം ആദ്യം തിളച്ച് പുറത്തു വരുന്നുവോ അവരാണ് വിജയി.
വിജയിച്ചത് ദുരൈ ആണെങ്കിൽ, കറുപ്പയ്യ മൊത്തം പൈസയും പലിശയും 5000 രൂപ എക്സ്ട്രയും കൊടുക്കണം.
ദുരൈക്കു സമ്മതം ആണെങ്കിൽ, കറുപ്പയ്യയുടെ കയ്യിൽ നിന്നും കിട്ടിയ പൈസ കിഴിച്ച് ബാക്കി കൊടുത്താൽ മതി. എന്തായാലും 5000 രൂപ എക്സ്ട്ര കൊടുക്കണം.
ഇനി വിജയി കറുപ്പയ്യ ആണെങ്കിൽ, ദുരൈമാമൻ പരസ്യമായി മന്നിപ്പ് പറയുകയും 5000 രൂപ തിരിച്ചു കൊടുക്കുകയും വേണം.



കാര്യം മനസിലായപ്പോൾ എനിക്കും ആവേശം കൂടി.
എന്റെ ഓട്ടോ യുടെ സിസി അടക്കാൻ പൈസയില്ലാതെ വണ്ടി പിടിച്ചെടുക്കാൻ വന്ന വട്ടി പലിശക്കാരനെ (ഹയര് പർച്ചേസ്), അവരുടെ പ്രസ്ഥാനത്തിനെ തോല്പ്പിക്കാൻ കറുപ്പയ്യയുടെ കൂടെ
തീകൂട്ടാൻ ഞാനും കൂടി. കറുപ്പയ്യയുടെ ഭാര്യ എനിക്ക് വെള്ളം തരുന്നു. വിയര്പ്പ് ഒപ്പുന്നു. കറുപ്പയ്യയുടെ മകൾ കറുത്ത സുന്ദരി, ഡാവണികാരി എന്നെ നോക്കി പല്ലിളിക്കുന്നു. മൊത്തത്തിൽ കറുപ്പയ്യയുടെ കുടുംബത്തിലെ വാഴ്ത്തപ്പെട്ടവനായി നിമിഷങ്ങള്ക്കകം ഞാൻ മാറി.
ദുരൈ എന്ന കൊമ്പമീശക്കാരൻ ഇടയ്ക്കിടെ എന്നെ നോക്കി മീശ പിരിക്കുമ്പോൾ ഞാൻ "പോടാ പുല്ലേ പലിശക്കാരാ" എന്ന് അവനെ തിണ്ണബലത്തിന്റെ ഹുങ്കിൽ ചീത്തവിളിക്കും.
തമ്പീ... തമ്പീ......... ഇത് ഞങ്ങളുടെ അവകാശമാണ്. നീ ഇതിൽ നിന്നും മാറിപോ എന്ന് ആരോ വിളിച്ച് പറയുന്നുണ്ട്.
ഞാൻ മറുപടി പറഞ്ഞു : "ദുരൈമാമാ, ഇത് യെൻ അണ്ണൻ മാതിരി. ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ സഹായിക്കും."
അവസാനം, പായസം തിളച്ചു പൊന്തി.
കറുപ്പയ്യയെ വിജയി ആയി പ്രഖ്യാപിച്ചു.
കറുപ്പയ്യ ഫാമിലിയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.
ആ സന്തോഷത്തിൽ ഞാനും കൂടി.
ദുരൈ, കരഞ്ഞുക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.
തന്റെ ബാഗിൽ നിന്നും അന്ചായിരം ഉറുപ്പിക എടുത്ത്, കരുപ്പയ്യക്ക് നീട്ടുമ്പോൾ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
ചിലപ്പോൾ കള്ള് കുടിക്കാതതുക്കൊണ്ടാവാം.
പക്ഷെ, കറുപ്പയ്യ ആ പൈസയിൽ നിന്നും ആയിരം രൂപ എടുത്ത് ബാക്കി ദുരൈക്കു തന്നെ തിരിച്ചു കൊടുക്കുന്നു.
ദുരൈ ആ പൈസ വേടിച്ചു ബാഗിൽ തിരിച്ചു വെച്ച്.
കറുപ്പയ്യ എടുത്ത ആയിരം എന്റെ നേരെ നീട്ടി.
ഞാനാകെ അങ്കലാപ്പിലായി.
ഞാൻ ആ പൈസ നിഷേധിച്ചുക്കൊണ്ട് പുറകിലേക്ക് അടികൾ വെക്കുമ്പോൾ കരുപയ്യയും ഡാവണി സുന്ദരിയും ആ പൈസ എന്നെക്കൊണ്ട് വേടിപ്പിക്കാൻ സമ്മര്ദം ചെലുതുന്നുണ്ടായിരുന്നു.

ഒരു ഒഴിവുകഴിവ് പറഞ്ഞിട്ടും അവർ പിന്മാറുന്നില്ല എന്ന് കണ്ടപ്പോൾ, ഞാൻ പറഞ്ഞു
"കറുപ്പയ്യ മാമാ (ഇത് വിളിച്ചതും ആ ഡാവണി കാരിയുടെ മുഖത്ത് ലഡ്ഡു പൊട്ടി_കൂടെ ഞാൻ ഞെട്ടി) ഇത് ദുരക്കു തന്നെ തിരിച്ചു കൊടുത്തേക്കൂ."

ബാബുവിന്റെ പെണ്ണ്



എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടന്‍, ബാബു.
ആളൊരു രസികനാ.
രസികന്‍ എന്നാല്‍ മൂപ്പര്‍ പറയുന്നത് നമുക്കൊന്ന് മനസിലാക്കി എടുക്കണമെങ്കില്‍ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടണം.
വാര്‍ക്ക പണിയും, ലോട്ടറി വില്‍പ്പനയും രാത്രിയില്‍ ആര്‍ക്കും ശല്യമുണ്ടാക്കാത്ത വിധത്തില്‍ സ്മാള്‍ അടിയും.
അല്ലറ ചില്ലറ തട്ടിപ്പ് മാറ്റിനിരുതിയാല്‍ ആളൊരു ശുദ്ധന്‍ തന്നെ. വാര്‍ക്ക തൊഴിലാളികളുടെ(സ്ത്രീലിങ്കം) കണ്ണിലുണ്ണി. വയസ് മുപ്പത്തി രണ്ടായി. വിവാഹം കഴിക്കണമെന്ന് വീട്ടില്‍ നേരിട്ട് പറയാന്‍ എന്നിട്ടും നാണം. അവസാനം, ചേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പെണ്ണുകാണല്‍ ചടങ്ങിനു എന്റെ ഓട്ടോയില്‍ പുറപെട്ടു. തൃശൂര് പാങ്ങിലെ കൂമ്പുള്ളി പാലത്തിനു സമീപം.

കൂമ്പുള്ളി പാലം..........
എന്റെ ഒരുപാടു ദിനരാത്രങ്ങള്‍ ആ പാലവും പുഴപോലെ തോന്നിക്കുന്ന തോടും കവര്ന്നെടുതിട്ടുണ്ട്.
കഴിഞ്ഞ വെക്കേഷന്  ചെന്നപ്പോള്‍, ഒരു ലുങ്കിയും ഉടുത്ത് ഞാന്‍ ആ പാലം കാണാന്‍ വെറുതെ പോയിരുന്നു. പഴയ വിപ്ലവങ്ങളും ചിന്തകളും ഇന്ന് ആ തോടുകള്‍ എനിക്ക് നല്‍കുന്നില്ല. വേഗം മടങ്ങി പോന്നു.

പെണ്ണുകാണല്‍ ചടങ്ങിനു പോകാന്‍ ഒരുക്കിയതും പൌഡര്‍ ഇട്ടുകൊടുത്തതും ഞാനും ബാബുവിന്റെ ചേട്ടനും കൂടി ആയിരുന്നു.
പോകുന്ന വഴിയിൽ ഓട്ടോയില്‍ ഇരുന്നു ചേട്ടന്‍ അവനു സ്റ്റഡിക്ളാസ് കൊടുത്തുകൊണ്ടിരുന്നു. ഒരു തിരക്കഥ മെനയുന്ന പോലെ അവിടെ ഉണ്ടാവാൻ പോകുന്നതും ചെയ്യേണ്ടതും ചേട്ടൻ അവനു പറഞ്ഞു കൊടുത്തുകൊണ്ടേ  ഇരുന്നു.
"പെണ്‍കുട്ടി കുടിക്കാന്‍ എന്തെങ്കിലും ആയി വരും. അപ്പോള്‍ നീ അവളോട്‌ പേര് ചോദിക്കുക. അത് കഴിഞ്ഞാല്‍ എത്രവരെ പഠിച്ചു എന്ന് ചോദിക്കുക. ഇത്രേം മതി. ബാക്കി ഞങ്ങള്‍ അന്വേഷിചോളം."
പറഞ്ഞു എഴുതിച്ച തിരക്കഥ പോലെ പെന്കുട്ടിവന്നു. പക്ഷെ, കുടിക്കാനുള്ളത് പെണ്‍കുട്ടിയുടെ അമ്മ ആയിരുന്നു കൊണ്ടുവന്നത്. അപ്പോള്‍ തന്നെ ബാബു, ചേട്ടന്റെ ചെവിയില്‍ ചോദിച്ചു.
"പേര് ചോദിക്കട്ടെ?"
ചേട്ടൻ മറുപടി കൊടുത്തു.
"ഇത് അമ്മയാടാ"
ബാബുവിന്റെ സംശയം തീര്ന്നില്ല.
എന്നോട് സ്വകാര്യത്തിൽ ചോദിച്ചു
"അമ്മയോട് പേര് ചോദിക്കണ്ടേ?"
ആകെ പരവശനായ ഞാൻ ബാബുവിനെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി.
ബാബു പിന്നെയൊന്നും മിണ്ടിയില്ല.
പെണ്‍കുട്ടി കട്ടിളപടിയില്‍ നില്‍ക്കുന്നു.
ബാബു പേര് ചോദിക്കുന്നില്ല.
ബാബുവിന് അറിയില്ലായിരുന്നു ആ നില്ക്കുന്നത് പെണ്‍കുട്ടി ആണെന്ന്.
ബാബുവിനെ പഠിപ്പിച്ചതിൽ  പെണ്‍കുട്ടി കട്ടിളപടിയിൽ നില്ക്കും എന്ന് ആരും പറഞ്ഞു കൊടുത്തിട്ടില്ല.
ആ കണ്‍ഫ്യൂഷൻ അകറ്റാൻ, ഞാൻ എല്ലാവരും കേള്ക്കെ പറഞ്ഞു.
"ബാബു ഇതാണ് പെണ്‍കുട്ടി. എന്തെങ്കിലും ചോദിക്കാനുണ്ടോ?"
ബാബു ചേട്ടനോട് ചോദിച്ചു
"ചേട്ടാ പേര് ചോദിക്കട്ടെ?"
ചേട്ടൻ സമ്മതം കൊടുത്തു.
എന്നിട്ടും ബാബു പേര് ചോദിക്കുന്നില്ല.
ബാബു ഇപ്പോള്‍ ചോദിക്കും ചോദിക്കും എന്ന് കരുതി ഞാനും ചേട്ടനും ഒരുപാട് നേരം മുഖത്തോട് മുഖം  നോക്കി നിന്നു. അവസാനം ചേട്ടന്‍ ബാബുവിന്റെ ചന്തിക്ക് ഒരു നുള്ള് കൊടുത്തപ്പോള്‍ എവിടുന്നോ കാണാതെ പഠിച്ച വരികൾ പോലെ ബാബു ചോദിച്ചു.
"ഹെന്താ പേര്?"
ആ കുട്ടി അതിന്റെ മറുപടി പറയും മുന്പ് തന്നെ ബാബു വീണ്ടും ചോദ്യം എയ്തു.
"എവടെ??എവിടം.... എന്തിനാ പഠിച്ചേ?"
സത്യം പറയാം എനിക്ക് ആ ചോദ്യം മനസിലായില്ല. ബാബുവിന്റെ രണ്ടാമത്തെ ചോദ്യത്തിനിടയില്‍ പെണ്‍കുട്ടിയുടെ ആദ്യത്തെ ചോദ്യത്തിന്റെ മറുപടി പറഞ്ഞു. പക്ഷെ, ബാബുവിന്റെ ചോദ്യത്തിനിടയിൽ ആ ഉത്തരം മാഞ്ഞു പോയി. ബാബുവിന്റെ രണ്ടാമത്തെ ചോദ്യം കഴിഞ്ഞതും പെണ്‍കുട്ടി വീണ്ടും ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ആവര്‍ത്തിച്ചു. ബാബു കരുതി ഈ ഉത്തരം രണ്ടാമത്തെ ചോദ്യതിനുള്ളതാവും എന്ന്. ബാബു വിട്ടുകൊടുത്തില്ല. വീണ്ടും ചോദിച്ചു
"എന്താ പേര്?"
ആ പെണ്‍കുട്ടി ബാബുവിന്റെ ആ ചോദ്യത്തിന് മുന്നില്‍ പരുങ്ങി. പെണ്‍കുട്ടിയുടെ അമ്മ  അപ്പോഴേക്കും രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.
അതെ സമയം തന്നെ പെണ്‍കുട്ടി ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരവും പറഞ്ഞു.
ബാബുവിന്റെ കണ്ണുകള്‍ ചുവന്നു. അവന്‍ കരുതി എല്ലാവരും കൂടെ അവനെ കളിയാക്കുന്നതാണെന്ന്.
ആ സങ്കടം ഉള്ളിലൊതുക്കി ബാബു അവിടെ നിന്നും പിന്‍ വലിയുന്ന  മാത്രയില്‍ പെണ്‍കുട്ടിയുടെ ചോദ്യം "നിങ്ങളുടെ പേരെന്താ?"
ബാബു ആകെ ട്രാപ്പിലായി. ചേട്ടന്‍ ക്ലാസ്സ്‌ എടുതുകൊടുക്കുന്നതിനിടയില്‍ ഇങ്ങിനെ ഒരുചോദ്യവും ഉത്തരവും അവനെ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങിനെ അവന്‍ ഉത്തരം പറയും?
ബാബു എന്നെയും ചേട്ടനെയും മാറി മാറി നോക്കി. ചേട്ടന്‍ ബാബുവിനോടു മെല്ലെ പറഞ്ഞു
"പേര് പറയടാ."
ബാബു അത് തന്നെ പെണ്‍കുട്ടിയോടും ആവര്‍ത്തിച്ചു
"പേര് പറയടാ."
പെണ്‍കുട്ടി കരുതി അവളോട്‌ വീണ്ടും പേര് ചോദിച്ചതാണെന്ന്.
അവള്‍ പറഞ്ഞു
"മിനി".
മിനി വിട്ടുകൊടുത്തില്ല. കുറച്ചു ദാര്ഷ്ട്ട്യത്തോടെ വീണ്ടും അവളുടെ ചോദ്യം ആവര്‍ത്തിച്ചു.
"ഇങ്ങോരുടെ പേരെന്താ?"
ബാബു അവിടെ നിന്ന് രണ്ടു ചവിട്ടു നാടകം നടത്തി.
ചിവീട് കുത്തി പൊളിച്ച റെഡ് ഓക്സൈഡ് തറയിലെ വിള്ളല്‍ പൊട്ടി കഷ്ണങ്ങള്‍ ആവുന്നത് ഞാൻ കണ്ടു. ഞങ്ങളെ ബാബു ഒന്ന് നോക്കി. ചേട്ടന്റെ മുഖഭാവം കണ്ടപ്പോള്‍ ബാബുവിന് ഉറപ്പായി അവന്റെ "കുരവള്ളി" ഇന്ന് പൊട്ടുമെന്ന്. ബാബു ചേട്ടനോട് ചോദിച്ചു "ഏട്ടാ, ഞാന്‍ പേര് പറയട്ടെ?" ചേട്ടന്‍ ഒന്നും മിണ്ടാതെ മാറി  നിന്നു. ഞാന്‍ മുഖം തിരിച്ചു. ബാബു ഒന്നും ആലോചിച്ചില്ല പേര് പറഞ്ഞു. പക്ഷെ, ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റെക്ക്
"ബുബാ"
വീണ്ടും തിരുത്തി
"ബാബുബാ"
ശരിയായില്ല എന്ന് മനസിലാക്കിയ ബാബു വീണ്ടും തിരുത്തി പറഞ്ഞു
"ബു ബു".
പെണ്‍കുട്ടി ഇതുകേട്ടതും വീടിന്റെ ഉള്ളിലോട്ടു ഓടിമറഞ്ഞു. ഈ വിവാഹം മുടങ്ങി എന്ന തീര്ച്ചപെടുത്തിയ ഞങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ,  അന്ന് റിലയന്‍സിന്റെ 501 "കന്കാമ" മൊബൈല്‍ ഒരു രൂപയ്ക്കു കൊടുത്തിരുന്ന ഒഫ്ഫെരില്‍ ബാബുവും ഒരെണ്ണം സ്വന്താമാക്കിയിരുന്നു. ആ മൊബൈല്‍, ബാബു ഈ കൊലാഹലതിനിടയിൽ  പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് മറന്നു.
വീട്ടില് വന്നതിനു ശേഷമാണ് ബാബു മൊബൈലിനെ കുറിച്ച് ചിന്തിച്ചത്.
മൊബൈല്‍ അവിടുന്ന് എടുക്കാന്‍ എന്നോടും  ചേട്ടനോടും അവന്‍ മാറി മാറി അപേക്ഷിച്ചു. ഞങ്ങള്‍ തയ്യാറായില്ല. അവിടെ വീണ്ടും പോയി എങ്ങിനെ അവരെ അഭിമുഖീകരിക്കും എന്ന പേടിയായിരുന്നു.  അവസാനം,ബാബു രണ്ടു ദിവസം കഴിഞ്ഞ് ബാബുവിന്റെ ഒരു ഫ്രണ്ടിനെ വണ്ടിക്കൂലിയും കൊടുത്തു പെണ്‍കുട്ടിയുടെ വീട്ടിലോട്ടു വിട്ടു. മൊബൈല്‍ വാങ്ങി കൊണ്ടുവന്നു. അന്ന് രാത്രി ആ ഫോണിലോട്ടു മിനി വിളിച്ചു. രണ്ടുമാസം കഴിഞ്ഞു അവരുടെ വിവാഹം നടന്നു. ഇപ്പോള്‍ അവര്‍ക്ക് മൂന്നു കുട്ടികള്‍.
<> <> <> <> <> <> <> <> <> <>
പണ്ടെന്നോ ഇത് ഞാൻ ഒരു ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിരുന്നു.
ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ബോറടിക്കാതിരിക്കാൻ വായിക്കാതിരിക്കുക.


ഒരു പെണ്ണുകാണൽ 



ഞാൻ പള്ളി കമ്മറ്റികളിൽ സജീവമായിരുന്ന കാലം.
പള്ളി സെക്രട്ടറിയുടെ മകന് (എന്റെ കൂട്ടുകാരന്) വേണ്ടി ഒരു പെണ്ണ് കാണൽ ചടങ്ങ്.
ചെക്കൻ നടത്തുന്ന പരലേൽ കോളേജിൽ ഞങ്ങൾ കാണാൻ പോകുന്ന പെണ്‍കുട്ടി ട്യൂഷന് വരുന്നുണ്ട്.
അങ്ങിനെ അവൻ കണ്ടു ഇഷ്ട്ടമായി അവന്റെ വാപ്പയും പള്ളി കമ്മറ്റി ചെയർമാനും ഞാനും കൂടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്.
ഒരു സുന്ദര(രി)നായ വീട്.
മുറ്റത്തെ ഉദ്യാനങ്ങളും, ചെറിയ പാര്ക്കും, പുല്മേടകളും ആയുർവേദ കൃഷി തോട്ടങ്ങളും നിമിഷങ്ങൾക്കകം എന്നെ ആ ഓടു മേഞ്ഞ വീടിന്റെ ആരാധകനാക്കി മാറ്റി.ഒരിഞ്ചു സ്ഥലം പോലും വെറുതെ കിടക്കുന്നില്ല.
ഓരോ തുണ്ട് ഭൂമിയും എനിക്ക് സലാം പറയുന്ന പോലെ.
ഓരോ നാമ്പുകളും എന്നെ തലോടുന്ന പോലെ.
എനിക്ക് ആ മുറ്റത്ത്‌ ഓടി കളിക്കാൻ കൊതിയായി.
വീട്ടുടമസ്ഥനായ റിട്ടയേഡ് ഹെഡ് മാസ്റ്റർ (പെണ്‍കുട്ടിയുടെ വാപ്പ) ഒരു മുന് പരിചയവുമില്ലാത്ത ഞങ്ങളെ സ്വാഗതം ചെയ്തു. വീട്ടിലെ സാധനങ്ങൾ ഒരു അലങ്കോലവും ഇല്ലാതെ കൃത്യമായി അലങ്കരിചിട്ടിരിക്കുന്നു.
ഞങ്ങളുടെ വരവ് മുന്കൂട്ടി അറിയാതെ തന്നെ, അവരുടെ സോഫയിലെ കുഷ്യൻ പോലും ഞങ്ങളെ സ്വാഗതം ചെയ്യുന്ന പോലെ. ഇരുന്നാൽ ആ സോഫ കുഷ്യന് ചുളിവു വരുമോ എന്ന് പോലും ഞാൻ സംശയിച്ചു. ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ഒത്തിരി പൈന്റിങ്ങ്സ്. ഷെൽഫിൽ അടക്കി വെച്ചിരിക്കുന്ന ഒത്തിരി കരകൌശല വസ്തുക്കൾ, എന്റെ നോട്ടം അതിലേക്കായി. അതിനിടയിൽ മാഷ്‌ എന്നോടായി പറഞ്ഞു.
"എന്റെ മകളുടെ പണികൾ ആണ് ഇതെല്ലാം. ഓർത്തോഡോക്സ് ആണെങ്കിലും ഞങ്ങൾ രണ്ടു പേരില് മാത്രം ഒതുങ്ങി നില്ക്കുന്ന ഇത്തരം കലകളിൽ എന്ത് ഓർത്തോഡോക്സ്."
ഒര്തോടോക്സിന്റെ മലയാളം ഞാൻ തിരിച്ചു വീട്ടില് ചെന്ന്, ടി.രാമലിങ്ക പിള്ളയുടെ അർത്ഥ സഞ്ചിയിൽ നിന്നാണ് മനസിലാക്കി എടുത്തത്‌.,.. മനസ്സിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി ആ മകളോട്.
ആ വീട്ടില് ഹെഡ് മാസ്റ്റർ കൂടാതെ അതിന്റെ മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഉമ്മ ഒരുപാട് വര്ഷം മുന്പ് അവരെ വിട്ടുപോയെന്നു സംഭാഷണ മദ്ധ്യേ ഞാനറിഞ്ഞു.
കൂടെ വന്ന ചെയർമാൻ ഞങ്ങളുടെ ആഗമന ഉദ്ദേശം വിവരിച്ചു.
പെണ്‍കുട്ടിയെ ചെക്കൻ കണ്ടിട്ടുണ്ടെന്നും മറ്റും മറ്റും...
ആ മാഷിന്റെ സംസാരശൈലി എന്നിൽ ഒത്തിരി കൗതുകങ്ങൽ ഉണ്ടാക്കി.
പ്രായത്തിന്റെ ഒരു മുഷിപ്പും ശരീരത്തിനോ അദ്ദേഹത്തിന്റെ വാക്കുകൾക്കോ ഉണ്ടായില്ല.
കെട്ടാൻ പോകുന്ന ചെക്കനെ കൊണ്ടുവരാത്തതിൽ ആ മാഷിന്റെ വാക്കുകളിൽ ഒരു അലോരസം ഉണ്ടായിരുന്നു എന്ന് മാത്രം.
ഇതിനിടയിൽ ഒരു അലങ്കരിച്ച പാത്രത്തിൽ ആറ് കോപ്പകളും രണ്ടു ജഗ്ഗുകളുമായി വന്ന്, പെണ്‍കുട്ടി ഞങ്ങളുടെ മുന്നിലെ ടീപോയിൽ വെച്ച്, ഒരു ജഗ്ഗിൽ നിന്ന് ഓറഞ്ചു ജ്യൂസും മറ്റൊന്നിൽ നിന്ന് ചുടുചായയും പകര്ന്നു തന്നു.
ചായയിൽ നിന്നും ഉതിറ്ന്ന ഏലക്ക സുഗന്ധം ആ മുറിയിൽ വ്യാപിച്ചു. ആ ഗന്ധം എന്നെ ലഹരി പിടിപ്പിക്കുന്നു.
ആ കുട്ടിയുടെ ഒതുക്കി പിടിച്ച പുഞ്ചിരി, എന്നിൽ ഒരു മാസ്മരിക ലോകം സൃഷിട്ടിക്കുന്നു.
വന്നവരുടെയും വരവേറ്റവന്റെയും സംഭാഷണം എന്നിൽ എന്തൊക്കെയോ ശബ്ദ വീചികളായി മാറിയിരിക്കുന്നു. ഒഴിഞ്ഞ ജഗ്ഗുകളുമായി ആ കുട്ടി വീടിനു അകത്തേക്ക്.......

അതിനിടയിൽ ആ ഹെഡ് മാസ്റ്റർ കുട്ടിയെ തിരികെ വിളിക്കുന്നു.
തമ്പുരൂ........ നിന്നെ കാണുന്നതിനു വേണ്ടിയാണ് ഇവർ വന്നിരിക്കുന്നത്.
ഒരു നല്ല പുഞ്ചിരിയോടെ ആ കുട്ടി, കയ്യിലെ ജഗ്ഗ് എവിടെയോ ഉപേക്ഷിച്ച് തിരിച്ചു വന്നു.
അന്നെനിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ സ്വയം മൊഴിഞ്ഞു.
ഞാൻ അറിയാതെ............"റിയലി അമേസിംഗ്"

ആ കുട്ടി, അതിന്റെ വാപ്പയുടെ പുറകിൽ ഒരു സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു,
ഓർത്തോഡോക്സ് കുടുംബങ്ങളിൽ കാണാത്ത ഒരു രീതി.
പള്ളി സെക്രട്ടറി പറഞ്ഞു :
വേണ്ട, കുട്ടി അകത്തു പൊയ്ക്കോളൂ...... ഞങ്ങൾ കണ്ടല്ലോ.
അതിനു മറുപടിയായി മാഷ്‌ പറഞ്ഞു:
വേണ്ട, അവൾ അവിടെ ഇരിക്കട്ടെ, ഞാൻ ചെക്കനെ കണ്ടിട്ടില്ല.
നിങ്ങൾ പെണ്‍കുട്ടിയെ കണ്ടു.
ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..........
മുജീബ് പറയൂ....നിങ്ങളൊക്കെ പുതിയ തലമുറയിലെ കുട്ടികൾ അല്ലെ? എന്റെ മകളും നിന്റെ കൂട്ടുകാരനും കൂടെ ചേരുമെന്ന് തോന്നുന്നുണ്ടോ?
ഞാൻ ഉദ്ദേശിക്കുന്നത്, ഇവർ രണ്ടു പേരും വിവാഹം കഴിച്ചാൽ "made for each other" എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നുണ്ടോ മുജീബിന്?


ആ വീട്ടിലും ആ വീടിന്റെ കെട്ടിലും മട്ടിലും മയങ്ങി പോയ ഞാൻ, ഞാൻ അറിയാതെ പറഞ്ഞു പോയി:
ഇല്ല, എനിക്ക് തോന്നുന്നില്ല.
കൂടെ വന്നവർ സ്തബ്ധരായി. കൂടെ ഞാനും.
ആ മറുപടി കേട്ടതും ആ കുട്ടി, എനിക്ക് അവളുടെ തംബ് ഉയർത്തി, ആരും കാണാതെ ഒരു ലൈക്ക് തന്നു.
അതെന്തിനായിരുന്നു എന്ന് മനസിലായില്ല.
ഞങ്ങൾ യാത്രപറഞ്ഞ്‌, തിരിച്ചിറങ്ങി.
വളരെ സന്തോഷത്തോടെ രണ്ടു പേരും ഞങ്ങളെ യാത്രയാക്കി.
മടക്കയാത്രയിൽ,
ഏസ്.. യൂശുവൽ എന്റെ കൂടെയുള്ളവർ, അവിടെ കണ്ട പൊരുത്തക്കേടുകൾ ഒന്നൊന്നായി പറയുന്നുണ്ടായിരുന്നു. ചെയർമാൻ പറഞ്ഞു:
മുജീബിനോട് ചോദിച്ച ആ ചോദ്യം എന്നോട് ചോദിക്കുമായിരുന്നെങ്കിൽ ഞാനും അത് തന്നെ പറഞ്ഞേനെ.
അതിനു ശേഷം, സെക്രട്ടറി എന്നോട് നാളിതുവരെ ആയിട്ടും മിണ്ടിയിട്ടില്ല.
ഈ കഴിഞ്ഞ വെക്കേഷന്, ഭാര്യയുമായി എന്റെ ഒരു ഫ്രണ്ട് സലിലിനെ Salil Gift)(കൊടുങ്ങല്ലൂർ) കാണാൻ പോകുമ്പോൾ വഴിയിൽ വെച്ച്, ആ കുട്ടിയെ കണ്ടു.
ഞങ്ങൾ പരിചയം പുതുക്കി.
വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ പറഞ്ഞു:
മാഷ്‌ മരിച്ചിട്ട്, വര്ഷം ഏഴു കഴിഞ്ഞു.
ഇതുവരെ വിവാഹം ഒന്നും ആയിട്ടില്ല.
ഇപ്പോൾ എം.ഇ.എസ് കോളേജിൽ ജോലി ചെയ്യുന്നു.
മനസ്സിൽ ഒരു കുറ്റബോധവും പേറി, ഞാൻ എന്റെ ഭാര്യയുമായി ഓർമ്മകൾ ഉറങ്ങുന്ന വീഥിയിലൂടെ യാത്ര തുടരുന്നു.
തുടര്ന്നുകൊണ്ടേ ഇരിക്കുന്നു.

മാപ്പ്....!!!



ഫിഷ്‌ ഫ്രൈ 


ആറ് കഷ്ണം ദശയുള്ള മീൻ, ഫ്രൈ ചെയ്യാൻ പാകത്തിൽ മുറിക്കുക.
കഴുകുക. വെള്ളം നല്ലപോലെ പിഴിഞ്ഞ് കളയുക.
ഒരു ചെറുനാരങ്ങ നീര് എടുക്കുക. ഇല്ലെങ്കിൽ വിനാഗിരി ആയാലും മതി.
അതിൽ ഒരു സ്പൂണ്‍ ഉപ്പു ചേര്ക്കുക. അതിലേക്കു മഞ്ഞപ്പൊടി ഇടുക. നന്നായി ഇളക്കുക.
നല്ല കട്ടിയുള്ള ക്രീം ആവുന്നത് വരെ മഞ്ഞപ്പൊടി ഇട്ടുക്കൊണ്ടിരിക്കുക.
ഈ ക്രീം മീനിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ മാറ്റി വെക്കുക.
ഇനി, കാൽ മുറി തേങ്ങയും, രണ്ടു സ്പൂണ്‍ (ആവശ്യം പോലെ) മുളക് പൊടിയും ഒന്നോ രണ്ടോ പച്ചമുളകും രണ്ടു തണ്ട് വേപ്പിലയും 8-10 ചെരുള്ളിയും 4-5 വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും മിക്സിയിൽ അരചെടുതാൽ നല്ലപോലെ കുറുങ്ങി ഇരിക്കാനെന്ന കണക്കെ വെള്ളവും കൂടെ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ഒരിക്കലും കൂടാൻ പാടില്ല. ഇനി, നേരത്തെ മഞ്ഞപ്പൊടി പേസ്റ്റ് പുരട്ടി വെച്ച മീനിൽ ഈ ക്രീം കൂടെ തേച്ചു പിടിപ്പിക്കുക. ഫാനിന്റെ/എ.സി.യുടെ ചുവടെ വെച്ചാൽ പെട്ടെന്ന് ഈ കായം മീനിൽ പിടിക്കും.ഇനി ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, ഒരു നുള്ള് ഉലുവയും രണ്ടു തണ്ട് വേപ്പിലയും കൂടെ വെളിച്ചെണ്ണയിൽ ചേര്ക്കുക. ഇനി, മീൻ കഷ്ണങ്ങൾ ഓരോന്നായി വെളിച്ചെണ്ണയിൽ ഇട്ടു കൊടുക്കുക. മീൻ ഫ്രൈ പാനിൽ ഇടുന്നത് വെപ്പിലയുടെ മുകളില ആവാൻ മാക്സിമം ശ്രദ്ധിക്കുക. തീ ചെറുതാക്കി ഫ്രൈ പാൻ മൂടിവെച്ചു കത്തിക്കുക.

സമ്മതിച്ചാലും ഇല്ലെങ്കിലും.

<<<>>><<<>>><<<>>>
നഗ്നത.......
അത് തന്നെയാണ് തീരാ കാമത്തിന് നിദാനം.
അല്ലാതെ, പിഞ്ചു പൈതങ്ങൾ ഡ്രസ്സ്‌ ചെയ്തത് ശരിയാവാത്തത് കൊണ്ടാണോ അവരെ ഉപദ്രവിക്കുന്നത് എന്നാ ചോദ്യത്തിന് പ്രസക്തിയില്ല.
ഇത്തരം മനുഷ്യ മൃഗങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ, നമ്മുടെ സഹോദരിമാരെ സംരക്ഷിക്കാൻ നഗ്നത മറച്ചേ പറ്റൂ.....
ഡൽഹിയിലെ അഞ്ചു വയസരുകാരി പീഡനത്തിന് ഇരയാകും മുന്പ്, ആ രണ്ടു നരാധമർ നീലച്ചിത്രം കാണുകയും, വേശ്യകളെ തപ്പി തെരുവിലൂടെ അലയുകയും അവസാനം, ആ പിഞ്ചു ബാലികയെ.................................
ഇവിടെ നീലച്ചിത്രം തന്നെയാണ് ആ കഴുവേറികളെ കൊണ്ട് ഇത് ചെയ്യിച്ചത്.
മുലയും മാറും കുണ്ടിയും കുലുക്കി തെരുവിലൂടെ അലയുന്ന, വെള്ളിത്തിരയിൽ തിമർക്കുന്ന അഭിനവ വേശ്യകൾ ഒന്ന് ഓര്ക്കുക..........
നിങ്ങളെ കണ്ടത്തിൽ പിന്നെ ഞങ്ങൾ ചെന്നെത്തുന്നത് കാമത്തിന്റെ നെറികെട്ട സംസ്ക്കാരത്തിൽ ആണ്.
കാമം ഒതുക്കി നിറുത്താൻ കഴിവില്ലാത്ത ചില ശിഖണ്ടികൾ, സമൂഹത്തിൽ വീണ്ടും ഇത്തരം നാറിയ കാമ ഭ്രാന്തർ ആയിത്തീരും....
തീര്ച്ച.....!!!

ചിക്കൻ ചുക്ക



പേർഷ്യയിൽ വന്ന ആദ്യ കാലം.

കൂട്ടുക്കാരന്റെ കൂടെ ഹോട്ടലിൽ പാർസൽ വേടിക്കാൻ പോയി.
ചിക്കൻ ചുക്ക ഓർഡർ ചെയ്തു പുറത്തു ഇറങ്ങി, സിഗരെറ്റിനു തീ കൊടുത്തു.
പാർസൽ കാണുന്നില്ല.
കൌണ്ടറിൽ പോയി ചോദിക്കാൻ ഞാൻ ഓർഡർ ചെയ്ത ചിക്കൻ ചുക്ക എന്ന നാമം മറന്നു പോയി.
വായിലൂടെ ഒരുപാട് പേരുകൾ ഓടികളിച്ചു.
ചുക്കാൻ ചിക്ക, ചിക്കൻ ചിക്ക, ചുക്കാൻ........... ഒലക്കേടെ മൂഡ്‌.............,..........!!!
ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ മരിചൊന്നും പോവില്ല. എന്നും പറഞ്ഞു തിരിച്ചു മുറിയിൽ വന്നു കതകടച്ചു കിടന്നുറങ്ങി.

പുണ്യ തീർത്ഥം തൂകിയ ആല്മാവ്‌ 



(ചിത്രത്തിൽ കഥയിൽ പറയുന്ന ആല്മാവ്‌ നിന്നിരുന്ന സ്ഥലത്ത് പുതുതായി വന്ന ആല്മാവ്‌)
എന്റെ നാട്ടില്‍,
ഞങ്ങളുടെ സെന്ററിനു അരക്കിലോ മീറ്റര്‍ കിഴക്ക് തൃശൂര്‍ റോഡില്‍ ആല്മാവ്‌ എന്ന ഒരു സ്റ്റോപ്പ്‌ ഉണ്ട്.
അഞ്ചു മീറ്റര്‍ വ്യാസത്തില്‍ ആലും മാവും ചേര്‍ന്ന് വലുതായിട്ടുള്ള ഒരു മരം.
ആല്മാവുകള്‍ രൂപപെടുന്ന അവസ്ഥ അറിയാലോ.
ആദ്യം മാവുണ്ടാവുന്നു.
ആലിന്റെ കായ കാക്കകള്‍ക്ക് വളരെ ഇഷ്ട്ടപെട്ട ഒന്നാണ്.
ഏതോ കാക്ക മാവിന്റെ ശിഖരത്തില്‍ കൊണ്ടുവന്നു വെച്ച കായ മീനചൂടിനെ ശമിപ്പിക്കുവാന്‍ (അതോ കൂട്ടാനോ??)വരുന്ന മഴയില്‍ മുളപൊട്ടി കാണും. അങ്ങിനെ അവിടെ ആലും മാവും പ്രണയം തുടങ്ങി.
ഞങ്ങളുടെ കാരണവന്മാര്‍ അതിനെ ആല്മാവ്‌ എന്ന് വിളിച്ചു.
അക്ഷരാഭ്യാസം കൂടിയ എന്റെ ഉമ്മയെ പോലുള്ളവര്‍ അതിനെ ആത്മാവ് എന്നും വിളിക്കാറുണ്ട്.
ഒരു ദിനം (2006) ദൈവത്തിന്റെ അപാരമായ കഴിവുക്കൊണ്ട് ആ ആലിന്റെ ചുവടെ നിന്നും തെളിനീരുറവ വന്നു തുടങ്ങി.
ജനങ്ങള്‍ പരിഭ്രാന്തരായി.
അയല്‍നാടുകളില്‍ നിന്ന് പോലും ജനങ്ങള്‍ ഈ നീരുറവ കാണാന്‍ വന്നു തുടങ്ങി.
വഴിവാണിഭക്കാര്‍ ടെന്റുകള്‍ കെട്ടി സോഡാ സര്‍ബത്തും നാരങ്ങാ സോഡയും കഞ്ഞിയും, ഊണും ചായയും വില്‍പ്പന തുടങ്ങി.
ബലൂണ്‍ കച്ചവടക്കാര്‍ അവരുടെ പീപ്പികള്‍ ഊതി നാടിനു ഉത്സവചായ പകര്‍ന്നു.
ആത്മീയ പുസ്തക സ്റ്റാളുകള്‍ രണ്ടല്ല മൂന്നെണ്ണം.
ഭക്തിഗാന കാസറ്റു കടകള്‍.....
തൃശൂര്‍ റോഡ്‌ ആകെ ബ്ലോക്ക്.
പോലീസ് ഇടപെട്ടു വണ്ടികളെ നാല് കിലോമീറ്റര്‍ വളഞ്ഞ വഴിയിലൂടെ ത്രിശൂരിലോട്ടും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കണ്ടശാങ്കടവിലോട്ടും തിരിച്ചു വിട്ടു.
ജനങ്ങളെ മാറ്റിയാല്‍ ദൈവ കോപം ഭയന്ന് ആരും അതിനു മെനകെട്ടില്ല. എന്റെ കൂടെ CPI (ML) ല്‍ പ്രവര്‍ത്തിച്ചിരുന്നു ബുദ്ധിജീവികളായ നെക്സലെറ്റുകള്‍ രണ്ടു പേര്‍ ദൈവ നാമം ഉരുവിട്ട് മതത്തിലോട്ടു തിരിച്ചു വന്നു. (പോയി.)
പ്രതിഭാസം കാണാന്‍ വന്ന വിദേശ വനിതയുടെ മൂഡില്‍ സ്ഥലത്തെ പ്രധാന ഞെരംബന്‍ കൈപത്തി ചിഹ്നം വരച്ചതിനു അവനെ കോടതി ജയിലില്‍ അടച്ചു.
സംന്യാസികളും പൂജാരികളും മന്ത്രവാദികളും ഞങ്ങളുടെ നാടിനെ വാഴ്ത്തി തുടങ്ങി. പുരാണങ്ങളില്‍ ഇതിനെ പ്രവചിചിട്ടുന്ടെന്നു അവര്‍ മീറ്റ്‌ ദി പ്രസ്സില്‍ അഭിപ്രായപെട്ടു.
അത് എവിടെ......,
ഏതു പുരാണത്തില്‍ ആണെന്ന് മാത്രം രാഷ്ട്രദീപിക ലേഖകനായിരുന്ന എനിക്ക് കാണിച്ചു തന്നില്ല.
ഞാനും മുസ്ലിം മാറി ഹിന്ദു ആയാലോ എന്ന് കരുതി എന്ന് തോന്നുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ മുളയും, വടവും കെട്ടി ആളുകള്‍ ഈ പ്രതിഭാസത്തെ കാണാന്‍ ദര്‍ശന ക്യൂ നിന്ന് തുടങ്ങി.
നാലാം ദിവസം ഈ ക്യൂവില്‍ നില്‍ക്കണമെങ്കില്‍ ഹിന്ദു ആവണമെന്ന് ഒരു ബോര്‍ഡും വന്നു. അഹിന്ദുക്കള്‍ കണ്ടാല്‍ നീരുറവ ശപിക്കുമെത്രേ.
അതിലൂടെ......, ആ ശാപത്തിലൂടെ നാട്ടില്‍ പ്രളയം, പ്രണയം, അഞ്ചാം പനി, ചിക്കന്‍ പോക്സ്, പ്ലേഗ്, എയിഡ്സ് ഇത്യാതി രോഗങ്ങള്‍ ഉണ്ടാവുമെന്ന് പഞാബില്‍ നിന്നും വന്ന സംന്യാസി പ്രവചിച്ചു.
അഞ്ചാം ദിവസം ക്യൂ നില്‍ക്കുന്നവരുടെ കയ്യില്‍ ഓരോ ഒരുലിറ്റര്‍ ബോട്ടിലും കണ്ടു.
ഞാന്‍ ആദ്യം കരുതി. ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ദാഹത്തിനെ ക്ഷമിപ്പിക്കാന്‍ വേണ്ടി വെള്ളം കരുതിയത്‌ ആവുമെന്ന്.
എനിക്ക് തെറ്റി.
ജനങ്ങള്‍ ആ ബോട്ടിലുകളില്‍ നീരുറവ കൊണ്ടുപോകാന്‍ തുടങ്ങി.
രോഗശാന്തി........ മന:ശാന്തി......... പണശാന്തി..... അഥവാ ത്രീ ഇന്‍ വണ്ണ്‍ ഗുണങ്ങള്‍.
ഏഴാം ദിനം ആലിലെയും മാവിലെയും ഇലകള്‍ ഉണഗി വീഴാന്‍ തുടങ്ങി.
വിശ്വാസികള്‍ കരുതി ദൈവം നമ്മെ അനുഗ്രഹിക്കുന്നതു ആണെന്ന്.
ക്യൂവിന്റെ എന്റര്‍ ഭാഗത്തും എക്സിറ്റ് ഭാഗത്തും ഒരു ഭണ്ടാര പെട്ടികളും വന്നു.
വെല്യാഴ്ച (എട്ടാം ദിനം) നീരുറവ മാറി ആലിന്റെ കടഭാഗത്ത്‌ നിന്നും ജലത്തിന്റെ പ്രളയം തുടങ്ങി. അയോദ്യയില്‍ നിന്നും വന്ന സ്വാമ്യാര്‍ പറഞ്ഞു. "ഇന്ന് പള്യാഴ്ച ആണ്. മുസ്ലിം ദൈവങ്ങളുടെ ദുര്‍മന്ത്രവാദം ആണെന്ന്."
എന്റെ ടൌണില്‍ ആകെ വെള്ളപൊക്കം. സ്വാമിയാര്‍ പ്രവചിച്ചു. "ഒഴുകി പോകുന്ന തീര്‍ത്ഥം നിങ്ങള്‍ ആരും വീട്ടില്‍ കൊണ്ട് പോകരുത്. അത് ദുര്ഭൂതങ്ങള്‍ക്കുള്ള തീര്‍ത്ഥം ആണ്.."
ഈ ഉറവയില്‍ നിന്ന് മാത്രമേ ജലം കൊണ്ടുപോകാവൂ.
ശനിയാഴ്തെ പത്രത്തില്‍ ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ (എങ്ങടിയൂര്‍) പൈപ്പ് ലൈനുകളില്‍ വെള്ളം ഇല്ല എന്ന് ന്യൂസ്‌ കണ്ടു.
ശനിയാഴ്ച രാത്രി ആ ആലും മാവും കടപുഴകി വീണു.
തിങ്കളാഴ്ച വാട്ടര്‍ സപ്ലൈ ജീവനക്കാര്‍ വന്നു ആലിന്റെ കടഭാഗത്ത്‌ കിളച്ചു കിളച്ചു പൈപ്പ് ലൈന്‍ ശരിയാക്കി എങ്ങടിയൂര്‍ നിവാസികള്‍ക്ക് ജലലഭ്യത ഉറപ്പാക്കി.
ഈ പത്തു ദിവസം എന്റെ ഗ്രാമത്തില്‍ ഓട്ടോ റിക്ഷക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ ലാഭത്തിനു വാട്ടര്‍ സപ്ലൈ യൂനീറ്റിനു നന്ദി പറയുന്നു.