ബാബുവിന്റെ പെണ്ണ്
എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടന്‍, ബാബു.
ആളൊരു രസികനാ.
രസികന്‍ എന്നാല്‍ മൂപ്പര്‍ പറയുന്നത് നമുക്കൊന്ന് മനസിലാക്കി എടുക്കണമെങ്കില്‍ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടണം.
വാര്‍ക്ക പണിയും, ലോട്ടറി വില്‍പ്പനയും രാത്രിയില്‍ ആര്‍ക്കും ശല്യമുണ്ടാക്കാത്ത വിധത്തില്‍ സ്മാള്‍ അടിയും.
അല്ലറ ചില്ലറ തട്ടിപ്പ് മാറ്റിനിരുതിയാല്‍ ആളൊരു ശുദ്ധന്‍ തന്നെ. വാര്‍ക്ക തൊഴിലാളികളുടെ(സ്ത്രീലിങ്കം) കണ്ണിലുണ്ണി. വയസ് മുപ്പത്തി രണ്ടായി. വിവാഹം കഴിക്കണമെന്ന് വീട്ടില്‍ നേരിട്ട് പറയാന്‍ എന്നിട്ടും നാണം. അവസാനം, ചേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പെണ്ണുകാണല്‍ ചടങ്ങിനു എന്റെ ഓട്ടോയില്‍ പുറപെട്ടു. തൃശൂര് പാങ്ങിലെ കൂമ്പുള്ളി പാലത്തിനു സമീപം.
കൂമ്പുള്ളി പാലം..........
എന്റെ ഒരുപാടു ദിനരാത്രങ്ങള്‍ ആ പാലവും പുഴപോലെ തോന്നിക്കുന്ന തോടും കവര്ന്നെടുതിട്ടുണ്ട്.
കഴിഞ്ഞ വെക്കേഷന് ചെന്നപ്പോള്‍, ഒരു ലുങ്കിയും ഉടുത്ത് ഞാന്‍ ആ പാലം കാണാന്‍ വെറുതെ പോയിരുന്നു. പഴയ വിപ്ലവങ്ങളും ചിന്തകളും ഇന്ന് ആ തോടുകള്‍ എനിക്ക് നല്‍കുന്നില്ല. വേഗം മടങ്ങി പോന്നു.
പെണ്ണുകാണല്‍ ചടങ്ങിനു പോകാന്‍ ഒരുക്കിയതും പൌഡര്‍ ഇട്ടുകൊടുത്തതും ഞാനും ബാബുവിന്റെ ചേട്ടനും കൂടി ആയിരുന്നു.
പോകുന്ന വഴിയിൽ ഓട്ടോയില്‍ ഇരുന്നു ചേട്ടന്‍ അവനു സ്റ്റഡിക്ളാസ് കൊടുത്തുകൊണ്ടിരുന്നു. ഒരു തിരക്കഥ മെനയുന്ന പോലെ അവിടെ ഉണ്ടാവാൻ പോകുന്നതും ചെയ്യേണ്ടതും ചേട്ടൻ അവനു പറഞ്ഞു കൊടുത്തുകൊണ്ടേ ഇരുന്നു.
"പെണ്‍കുട്ടി കുടിക്കാന്‍ എന്തെങ്കിലും ആയി വരും. അപ്പോള്‍ നീ അവളോട് പേര് ചോദിക്കുക. അത് കഴിഞ്ഞാല്‍ എത്രവരെ പഠിച്ചു എന്ന് ചോദിക്കുക. ഇത്രേം മതി. ബാക്കി ഞങ്ങള്‍ അന്വേഷിചോളം."
പറഞ്ഞു എഴുതിച്ച തിരക്കഥ പോലെ പെന്കുട്ടിവന്നു. പക്ഷെ, കുടിക്കാനുള്ളത് പെണ്‍കുട്ടിയുടെ അമ്മ ആയിരുന്നു കൊണ്ടുവന്നത്. അപ്പോള്‍ തന്നെ ബാബു, ചേട്ടന്റെ ചെവിയില്‍ ചോദിച്ചു.
"പേര് ചോദിക്കട്ടെ?"
ചേട്ടൻ മറുപടി കൊടുത്തു.
"ഇത് അമ്മയാടാ"
ബാബുവിന്റെ സംശയം തീര്ന്നില്ല.
എന്നോട് സ്വകാര്യത്തിൽ ചോദിച്ചു
"അമ്മയോട് പേര് ചോദിക്കണ്ടേ?"
ആകെ പരവശനായ ഞാൻ ബാബുവിനെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി.
ബാബു പിന്നെയൊന്നും മിണ്ടിയില്ല.
പെണ്‍കുട്ടി കട്ടിളപടിയില്‍ നില്‍ക്കുന്നു.
ബാബു പേര് ചോദിക്കുന്നില്ല.
ബാബുവിന് അറിയില്ലായിരുന്നു ആ നില്ക്കുന്നത് പെണ്‍കുട്ടി ആണെന്ന്.
ബാബുവിനെ പഠിപ്പിച്ചതിൽ പെണ്‍കുട്ടി കട്ടിളപടിയിൽ നില്ക്കും എന്ന് ആരും പറഞ്ഞു കൊടുത്തിട്ടില്ല.
ആ കണ്‍ഫ്യൂഷൻ അകറ്റാൻ, ഞാൻ എല്ലാവരും കേള്ക്കെ പറഞ്ഞു.
"ബാബു ഇതാണ് പെണ്‍കുട്ടി. എന്തെങ്കിലും ചോദിക്കാനുണ്ടോ?"
ബാബു ചേട്ടനോട് ചോദിച്ചു
"ചേട്ടാ പേര് ചോദിക്കട്ടെ?"
ചേട്ടൻ സമ്മതം കൊടുത്തു.
എന്നിട്ടും ബാബു പേര് ചോദിക്കുന്നില്ല.
ബാബു ഇപ്പോള്‍ ചോദിക്കും ചോദിക്കും എന്ന് കരുതി ഞാനും ചേട്ടനും ഒരുപാട് നേരം മുഖത്തോട് മുഖം നോക്കി നിന്നു. അവസാനം ചേട്ടന്‍ ബാബുവിന്റെ ചന്തിക്ക് ഒരു നുള്ള് കൊടുത്തപ്പോള്‍ എവിടുന്നോ കാണാതെ പഠിച്ച വരികൾ പോലെ ബാബു ചോദിച്ചു.
"ഹെന്താ പേര്?"
ആ കുട്ടി അതിന്റെ മറുപടി പറയും മുന്പ് തന്നെ ബാബു വീണ്ടും ചോദ്യം എയ്തു.
"എവടെ??എവിടം.... എന്തിനാ പഠിച്ചേ?"
സത്യം പറയാം എനിക്ക് ആ ചോദ്യം മനസിലായില്ല. ബാബുവിന്റെ രണ്ടാമത്തെ ചോദ്യത്തിനിടയില്‍ പെണ്‍കുട്ടിയുടെ ആദ്യത്തെ ചോദ്യത്തിന്റെ മറുപടി പറഞ്ഞു. പക്ഷെ, ബാബുവിന്റെ ചോദ്യത്തിനിടയിൽ ആ ഉത്തരം മാഞ്ഞു പോയി. ബാബുവിന്റെ രണ്ടാമത്തെ ചോദ്യം കഴിഞ്ഞതും പെണ്‍കുട്ടി വീണ്ടും ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ആവര്‍ത്തിച്ചു. ബാബു കരുതി ഈ ഉത്തരം രണ്ടാമത്തെ ചോദ്യതിനുള്ളതാവും എന്ന്. ബാബു വിട്ടുകൊടുത്തില്ല. വീണ്ടും ചോദിച്ചു
"എന്താ പേര്?"
ആ പെണ്‍കുട്ടി ബാബുവിന്റെ ആ ചോദ്യത്തിന് മുന്നില്‍ പരുങ്ങി. പെണ്‍കുട്ടിയുടെ അമ്മ അപ്പോഴേക്കും രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.
അതെ സമയം തന്നെ പെണ്‍കുട്ടി ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരവും പറഞ്ഞു.
ബാബുവിന്റെ കണ്ണുകള്‍ ചുവന്നു. അവന്‍ കരുതി എല്ലാവരും കൂടെ അവനെ കളിയാക്കുന്നതാണെന്ന്.
ആ സങ്കടം ഉള്ളിലൊതുക്കി ബാബു അവിടെ നിന്നും പിന്‍ വലിയുന്ന മാത്രയില്‍ പെണ്‍കുട്ടിയുടെ ചോദ്യം "നിങ്ങളുടെ പേരെന്താ?"
ബാബു ആകെ ട്രാപ്പിലായി. ചേട്ടന്‍ ക്ലാസ്സ് എടുതുകൊടുക്കുന്നതിനിടയില്‍ ഇങ്ങിനെ ഒരുചോദ്യവും ഉത്തരവും അവനെ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങിനെ അവന്‍ ഉത്തരം പറയും?
ബാബു എന്നെയും ചേട്ടനെയും മാറി മാറി നോക്കി. ചേട്ടന്‍ ബാബുവിനോടു മെല്ലെ പറഞ്ഞു
"പേര് പറയടാ."
ബാബു അത് തന്നെ പെണ്‍കുട്ടിയോടും ആവര്‍ത്തിച്ചു
"പേര് പറയടാ."
പെണ്‍കുട്ടി കരുതി അവളോട് വീണ്ടും പേര് ചോദിച്ചതാണെന്ന്.
അവള്‍ പറഞ്ഞു
"മിനി".
മിനി വിട്ടുകൊടുത്തില്ല. കുറച്ചു ദാര്ഷ്ട്ട്യത്തോടെ വീണ്ടും അവളുടെ ചോദ്യം ആവര്‍ത്തിച്ചു.
"ഇങ്ങോരുടെ പേരെന്താ?"
ബാബു അവിടെ നിന്ന് രണ്ടു ചവിട്ടു നാടകം നടത്തി.
ചിവീട് കുത്തി പൊളിച്ച റെഡ് ഓക്സൈഡ് തറയിലെ വിള്ളല്‍ പൊട്ടി കഷ്ണങ്ങള്‍ ആവുന്നത് ഞാൻ കണ്ടു. ഞങ്ങളെ ബാബു ഒന്ന് നോക്കി. ചേട്ടന്റെ മുഖഭാവം കണ്ടപ്പോള്‍ ബാബുവിന് ഉറപ്പായി അവന്റെ "കുരവള്ളി" ഇന്ന് പൊട്ടുമെന്ന്. ബാബു ചേട്ടനോട് ചോദിച്ചു "ഏട്ടാ, ഞാന്‍ പേര് പറയട്ടെ?" ചേട്ടന്‍ ഒന്നും മിണ്ടാതെ മാറി നിന്നു. ഞാന്‍ മുഖം തിരിച്ചു. ബാബു ഒന്നും ആലോചിച്ചില്ല പേര് പറഞ്ഞു. പക്ഷെ, ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റെക്ക്
"ബുബാ"
വീണ്ടും തിരുത്തി
"ബാബുബാ"
ശരിയായില്ല എന്ന് മനസിലാക്കിയ ബാബു വീണ്ടും തിരുത്തി പറഞ്ഞു
"ബു ബു".
പെണ്‍കുട്ടി ഇതുകേട്ടതും വീടിന്റെ ഉള്ളിലോട്ടു ഓടിമറഞ്ഞു. ഈ വിവാഹം മുടങ്ങി എന്ന തീര്ച്ചപെടുത്തിയ ഞങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ, അന്ന് റിലയന്‍സിന്റെ 501 "കന്കാമ" മൊബൈല്‍ ഒരു രൂപയ്ക്കു കൊടുത്തിരുന്ന ഒഫ്ഫെരില്‍ ബാബുവും ഒരെണ്ണം സ്വന്താമാക്കിയിരുന്നു. ആ മൊബൈല്‍, ബാബു ഈ കൊലാഹലതിനിടയിൽ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് മറന്നു.
വീട്ടില് വന്നതിനു ശേഷമാണ് ബാബു മൊബൈലിനെ കുറിച്ച് ചിന്തിച്ചത്.
മൊബൈല്‍ അവിടുന്ന് എടുക്കാന്‍ എന്നോടും ചേട്ടനോടും അവന്‍ മാറി മാറി അപേക്ഷിച്ചു. ഞങ്ങള്‍ തയ്യാറായില്ല. അവിടെ വീണ്ടും പോയി എങ്ങിനെ അവരെ അഭിമുഖീകരിക്കും എന്ന പേടിയായിരുന്നു. അവസാനം,ബാബു രണ്ടു ദിവസം കഴിഞ്ഞ് ബാബുവിന്റെ ഒരു ഫ്രണ്ടിനെ വണ്ടിക്കൂലിയും കൊടുത്തു പെണ്‍കുട്ടിയുടെ വീട്ടിലോട്ടു വിട്ടു. മൊബൈല്‍ വാങ്ങി കൊണ്ടുവന്നു. അന്ന് രാത്രി ആ ഫോണിലോട്ടു മിനി വിളിച്ചു. രണ്ടുമാസം കഴിഞ്ഞു അവരുടെ വിവാഹം നടന്നു. ഇപ്പോള്‍ അവര്‍ക്ക് മൂന്നു കുട്ടികള്‍.
<> <> <> <> <> <> <> <> <> <>
പണ്ടെന്നോ ഇത് ഞാൻ ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.
ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ബോറടിക്കാതിരിക്കാൻ വായിക്കാതിരിക്കുക.
No comments:
Post a Comment