Tuesday, February 4, 2014



വട്ടിപലിശയുടെ ആചാരം


വിചിത്രമായ ഒരു വിധി കേള്ക്കണോ?
എന്റെ നാട്ടിൽ പാപ്പുണ്ണി ആശാന്റെ ഒരു ക്ഷേത്രമുണ്ട്.
അത് കണ്ടാൽ, തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളെ ഓർമവരും.
ഇന്നുവരെ എന്റെ നാട്ടിലെ ആളുകള് അവിടെ പോയി തൊഴുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.
എന്നാലോ, എല്ലാ തമിഴരുടെയും ഇഷ്ട്ടദേവ ഗണങ്ങൾ അവിടെ ഇരിപ്പുണ്ട്.
അതുക്കൊണ്ട് തന്നെ തമിഴന്മാരുടെ ഒരു ഘോഷയാത്രയാണ് ആ ക്ഷേത്രത്തിൽ.
ഒരിക്കൽ ആ ക്ഷേത്രത്തിൽ പതിവില്ലാതെ ഒരു ജനക്കൂട്ടം.
ഞാനും, എന്റെ ഓട്ടോ പാര്ക്ക് ചെയ്തിട്ട് ആ കൂട്ടത്തിലോരാളായി മാറി.
അവിടെ കണ്ട കാഴ്ച:
രണ്ട് അടുപ്പിൽ പായസം പോലെ എന്തോ ഉണ്ടാക്കുന്നു.
രണ്ടു ടീമുകളായി അവർ ആ തീയ്യിനു ആവേശം പകരുന്നു.
അടുപ്പിലെ തീജ്വാലകൾ അവർ മത്സരമായി കാണുന്നു.
ആര്പ്പു വിളികൾ.....!!!
ഒരു അടുപ്പിനെ വിജയിപ്പിക്കാൻ ആളുകള് ആവേശം കൊള്ളുന്നു.
അടുത്ത അടുപ്പ് കത്തിക്കാൻ ഒരു അമ്മയും മകളും അതിന്റെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മനസിലാവാത്ത തമിഴിൽ എന്തൊക്കെയോ അവർ പരസ്പ്പരം ഒച്ചവെക്കുന്നുണ്ട്.
എനിക്ക് കാര്യം അറിയാതെ പായസം കാണാൻ താല്പര്യമില്ലാത്തതിനാൽ കൂട്ടത്തിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു അണ്ണനെ വിളിച്ച് കാര്യം തിരക്കി.
അയാള് പറഞ്ഞതിങ്ങനെ.
ഒന്നാമത്തെ അടുപ്പിന്റെ അവകാശി ദുരൈ.
ദുരൈ തെങ്കാശിയിലെ ഒരു കോടീശ്വരൻ ആണ്.
പലിശക്ക് പണം കൊടുക്കുന്ന ആളാണ്‌.
രണ്ടാമത്തെ അടുപ്പിന്റെ അവകാശി കറുപ്പയ്യയും ആളുടെ പൊണ്ടാട്ടിയും മകളും.
അവരും തെങ്കാശിക്കാർ തന്നെ.

അവർ ദുരൈ മുതലാളിയുടെ കയ്യിൽ നിന്നും ഒരു "ലച്ചം" വട്ടിപലിശക്ക്‌ പൈസ വെടിചിട്ടുണ്ട്.
അഞ്ചു വര്ഷം മുന്പ്, കേരളത്തിലേക്ക് മുറുക്ക് കച്ചവടത്തിന് വരും മുന്പ്, കറുപ്പയ്യ
പലപ്പോഴായി മുതലും പലിശയും ഇനത്തിൽ  മടക്കി കൊടുത്തിട്ടുണ്ടെന്ന് അവകാശപെടുന്നു.
ദുരൈ, കറുപ്പയ്യ തന്ന പൈസയുടെ "ബാലന്സ് ഷീറ്റ്" കൊണ്ടുവന്ന് കാണിച്ചിട്ടും കറുപ്പയ്യ സമ്മതിക്കുന്നില്ല.
അവസാനം തര്ക്കമായി.
തര്ക്കം അടിയിൽ....
അടി, ഗ്രൂപ്പ് വഴിക്കിലേക്ക് മാറി.
ഒരാഴ്ച കഴിഞ്ഞ്, പ്രമുഖ മധ്യസ്തരുടെ നേത്രത്വത്തിൽ സത്യം ബോധ്യപെടാൻ
ഇവർ കണ്ടു പിടിച്ച മാര്ഗ്മായിരുന്നു ഈ അടുപ്പ് പൂട്ടൽ മഹാമഹം.
ഇതിൽ, ആരുടെ പായസം ആദ്യം തിളച്ച് പുറത്തു വരുന്നുവോ അവരാണ് വിജയി.
വിജയിച്ചത് ദുരൈ ആണെങ്കിൽ, കറുപ്പയ്യ മൊത്തം പൈസയും പലിശയും 5000 രൂപ എക്സ്ട്രയും കൊടുക്കണം.
ദുരൈക്കു സമ്മതം ആണെങ്കിൽ, കറുപ്പയ്യയുടെ കയ്യിൽ നിന്നും കിട്ടിയ പൈസ കിഴിച്ച് ബാക്കി കൊടുത്താൽ മതി. എന്തായാലും 5000 രൂപ എക്സ്ട്ര കൊടുക്കണം.
ഇനി വിജയി കറുപ്പയ്യ ആണെങ്കിൽ, ദുരൈമാമൻ പരസ്യമായി മന്നിപ്പ് പറയുകയും 5000 രൂപ തിരിച്ചു കൊടുക്കുകയും വേണം.



കാര്യം മനസിലായപ്പോൾ എനിക്കും ആവേശം കൂടി.
എന്റെ ഓട്ടോ യുടെ സിസി അടക്കാൻ പൈസയില്ലാതെ വണ്ടി പിടിച്ചെടുക്കാൻ വന്ന വട്ടി പലിശക്കാരനെ (ഹയര് പർച്ചേസ്), അവരുടെ പ്രസ്ഥാനത്തിനെ തോല്പ്പിക്കാൻ കറുപ്പയ്യയുടെ കൂടെ
തീകൂട്ടാൻ ഞാനും കൂടി. കറുപ്പയ്യയുടെ ഭാര്യ എനിക്ക് വെള്ളം തരുന്നു. വിയര്പ്പ് ഒപ്പുന്നു. കറുപ്പയ്യയുടെ മകൾ കറുത്ത സുന്ദരി, ഡാവണികാരി എന്നെ നോക്കി പല്ലിളിക്കുന്നു. മൊത്തത്തിൽ കറുപ്പയ്യയുടെ കുടുംബത്തിലെ വാഴ്ത്തപ്പെട്ടവനായി നിമിഷങ്ങള്ക്കകം ഞാൻ മാറി.
ദുരൈ എന്ന കൊമ്പമീശക്കാരൻ ഇടയ്ക്കിടെ എന്നെ നോക്കി മീശ പിരിക്കുമ്പോൾ ഞാൻ "പോടാ പുല്ലേ പലിശക്കാരാ" എന്ന് അവനെ തിണ്ണബലത്തിന്റെ ഹുങ്കിൽ ചീത്തവിളിക്കും.
തമ്പീ... തമ്പീ......... ഇത് ഞങ്ങളുടെ അവകാശമാണ്. നീ ഇതിൽ നിന്നും മാറിപോ എന്ന് ആരോ വിളിച്ച് പറയുന്നുണ്ട്.
ഞാൻ മറുപടി പറഞ്ഞു : "ദുരൈമാമാ, ഇത് യെൻ അണ്ണൻ മാതിരി. ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ സഹായിക്കും."
അവസാനം, പായസം തിളച്ചു പൊന്തി.
കറുപ്പയ്യയെ വിജയി ആയി പ്രഖ്യാപിച്ചു.
കറുപ്പയ്യ ഫാമിലിയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.
ആ സന്തോഷത്തിൽ ഞാനും കൂടി.
ദുരൈ, കരഞ്ഞുക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.
തന്റെ ബാഗിൽ നിന്നും അന്ചായിരം ഉറുപ്പിക എടുത്ത്, കരുപ്പയ്യക്ക് നീട്ടുമ്പോൾ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
ചിലപ്പോൾ കള്ള് കുടിക്കാതതുക്കൊണ്ടാവാം.
പക്ഷെ, കറുപ്പയ്യ ആ പൈസയിൽ നിന്നും ആയിരം രൂപ എടുത്ത് ബാക്കി ദുരൈക്കു തന്നെ തിരിച്ചു കൊടുക്കുന്നു.
ദുരൈ ആ പൈസ വേടിച്ചു ബാഗിൽ തിരിച്ചു വെച്ച്.
കറുപ്പയ്യ എടുത്ത ആയിരം എന്റെ നേരെ നീട്ടി.
ഞാനാകെ അങ്കലാപ്പിലായി.
ഞാൻ ആ പൈസ നിഷേധിച്ചുക്കൊണ്ട് പുറകിലേക്ക് അടികൾ വെക്കുമ്പോൾ കരുപയ്യയും ഡാവണി സുന്ദരിയും ആ പൈസ എന്നെക്കൊണ്ട് വേടിപ്പിക്കാൻ സമ്മര്ദം ചെലുതുന്നുണ്ടായിരുന്നു.

ഒരു ഒഴിവുകഴിവ് പറഞ്ഞിട്ടും അവർ പിന്മാറുന്നില്ല എന്ന് കണ്ടപ്പോൾ, ഞാൻ പറഞ്ഞു
"കറുപ്പയ്യ മാമാ (ഇത് വിളിച്ചതും ആ ഡാവണി കാരിയുടെ മുഖത്ത് ലഡ്ഡു പൊട്ടി_കൂടെ ഞാൻ ഞെട്ടി) ഇത് ദുരക്കു തന്നെ തിരിച്ചു കൊടുത്തേക്കൂ."

No comments:

Post a Comment