Tuesday, February 4, 2014




പട്ടാണിയുടെ വക ലഞ്ച്


കഴിഞ്ഞ ദിവസം ഖരാഫ അലിസൂക്കിൽ ലഞ്ചിന് കയറി.
കൈകഴുകി, ഒരു ബോട്ടിൽ വെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്തു കസേരയിൽ ഇരുന്നപ്പോൾ, വണ്ടി ലോക്ക് ചെയ്തില്ല എന്ന് ഉള്വിളി ഉണ്ടായി.മോട്ട സെറ്റ് ഓർഡർ ചെയ്ത്, വെള്ളത്തിന്റെ ബോട്ടിൽ മേശപ്പുറത്തു വെച്ച് വണ്ടി ലോക്ക് ചെയ്തു മടങ്ങി വന്നപ്പോൾ ഞാനിരുന്ന സീറ്റിനു ഓപ്പോസിറ്റ് ആയി ഒരു പാക്കിസ്ഥാനി വെള്ളത്താടി കാരണവർ ഇരിക്കുന്നുണ്ടായിരുന്നു. വിയർപ്പിൽ കുളിച്ച്, ആകെ പരവശനായിരുന്നു അദ്ദേഹം. അടുക്കളയിലേക്കു അയാള് തന്റെ ഭക്ഷണ തളിക പ്രതീക്ഷിച്ച് ഇടയ്ക്കിടയ്ക്ക് നോട്ടമിട്ടുകൊണ്ടിരുന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹം രണ്ടോ - മൂന്നോ ഗ്ലാസ് വെള്ളവും കുടിച്ചിട്ടുണ്ട്. ഒരു സപ്പ്ലയർ അദ്ദേഹത്തിന്റെ അടുത്ത് ഓർഡർ എടുക്കാൻ വന്നപ്പോൾ ആൾ പറഞ്ഞു "മേം ഏക്‌ മോട്ട സെറ്റ് ബൊൽദിയാ".
ഞാൻ വെറുതെ ആലോചിച്ചു, ഈ പാക്കിസ്ഥാനി മോട്ട സെറ്റ് കഴിക്കുവോ?
അതിലെന്തിത്ര കാര്യം?
എന്റെകൂടെ സൈറ്റിൽ വരുന്ന ഫിലിപീനോസ് പോലും ഇടയ്ക്കു എന്റെ കൂടെ മോട്ട സെറ്റ് കഴിക്കുന്നു.

അപ്പോഴേക്കും ഞാൻ ഓർഡർ ചെയ്ത ചോറ് വന്നു.
ആ തളിക എന്റെ നേരെ സപ്ലയർ കൊണ്ടുവന്നു വെച്ചപ്പോൾ,  പാക്കിസ്ഥാനി കാർന്നോർ സപ്ലയറൂമായി വളരെ ഉച്ചത്തിൽ വാക്കേറ്റം തുടങ്ങി.
"ഞാൻ ആണ് ആദ്യം വന്നത്, എനിക്ക് ആണ് ആദ്യം തരേണ്ടത്‌ .ബ്ളാ.........ബ്ളാ........ബ്ളാ...."
ഹോട്ടൽ ജീവനക്കാരനും വിട്ടു കൊടുത്തില്ല.
"ഇയാൾ ഇവിടെ നിങ്ങളെക്കാൾ മുന്പ് വന്നു ഓർഡർ ചെയ്തതാണ്. ബ്ളാ.......ബ്ളാ .......... ബ്ളാ........"
ഇതിനിടയിൽ എനിക്ക് തന്ന ഭക്ഷണ തളിക ഞാൻ അദ്ദേഹത്തിന്റെ മുന്നിലേക്ക്‌ വെച്ച് കൊടുത്തു.
ഒരു കൂസലും ഇല്ലാതെ അദ്ദേഹം അത് വേടിച്ചു കഴിച്ചു.
ആ വഴക്ക് അവിടെ തീര്ന്നു.
വളരെ വേഗത്തിൽ........ എനിക്കുള്ള ഭക്ഷണ തളിക വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭക്ഷണം തീരാറായിരിക്കുന്നു.

ഞാൻ കൈ കഴുകി, പൈസ കൊടുക്കാൻ തുനിയുന്ന നേരത്ത് കേഷ്യർ പറഞ്ഞു : "വേണ്ട, ആ പാക്കിസ്ഥാനി കാർന്നോർ തന്നിട്ടുണ്ട്."
സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും ഞെട്ടി.
എന്ത് ചെയ്യണമെന്നു അറിയാതെ, ആ സൂക്കിൽ ഈ പൊരിവെയിലിൽ അദ്ദേഹത്തിനെയും തേടി അലഞ്ഞത് വെറുതെ...........

No comments:

Post a Comment