പുണ്യ തീർത്ഥം തൂകിയ ആല്മാവ്
(ചിത്രത്തിൽ കഥയിൽ പറയുന്ന ആല്മാവ് നിന്നിരുന്ന സ്ഥലത്ത് പുതുതായി വന്ന ആല്മാവ്)
എന്റെ നാട്ടില്‍,
ഞങ്ങളുടെ സെന്ററിനു അരക്കിലോ മീറ്റര്‍ കിഴക്ക് തൃശൂര്‍ റോഡില്‍ ആല്മാവ് എന്ന ഒരു സ്റ്റോപ്പ് ഉണ്ട്.
അഞ്ചു മീറ്റര്‍ വ്യാസത്തില്‍ ആലും മാവും ചേര്‍ന്ന് വലുതായിട്ടുള്ള ഒരു മരം.
ആല്മാവുകള്‍ രൂപപെടുന്ന അവസ്ഥ അറിയാലോ.
ആദ്യം മാവുണ്ടാവുന്നു.
ആലിന്റെ കായ കാക്കകള്‍ക്ക് വളരെ ഇഷ്ട്ടപെട്ട ഒന്നാണ്.
ഏതോ കാക്ക മാവിന്റെ ശിഖരത്തില്‍ കൊണ്ടുവന്നു വെച്ച കായ മീനചൂടിനെ ശമിപ്പിക്കുവാന്‍ (അതോ കൂട്ടാനോ??)വരുന്ന മഴയില്‍ മുളപൊട്ടി കാണും. അങ്ങിനെ അവിടെ ആലും മാവും പ്രണയം തുടങ്ങി.
ഞങ്ങളുടെ കാരണവന്മാര്‍ അതിനെ ആല്മാവ് എന്ന് വിളിച്ചു.
അക്ഷരാഭ്യാസം കൂടിയ എന്റെ ഉമ്മയെ പോലുള്ളവര്‍ അതിനെ ആത്മാവ് എന്നും വിളിക്കാറുണ്ട്.
ഒരു ദിനം (2006) ദൈവത്തിന്റെ അപാരമായ കഴിവുക്കൊണ്ട് ആ ആലിന്റെ ചുവടെ നിന്നും തെളിനീരുറവ വന്നു തുടങ്ങി.
ജനങ്ങള്‍ പരിഭ്രാന്തരായി.
അയല്‍നാടുകളില്‍ നിന്ന് പോലും ജനങ്ങള്‍ ഈ നീരുറവ കാണാന്‍ വന്നു തുടങ്ങി.
വഴിവാണിഭക്കാര്‍ ടെന്റുകള്‍ കെട്ടി സോഡാ സര്‍ബത്തും നാരങ്ങാ സോഡയും കഞ്ഞിയും, ഊണും ചായയും വില്‍പ്പന തുടങ്ങി.
ബലൂണ്‍ കച്ചവടക്കാര്‍ അവരുടെ പീപ്പികള്‍ ഊതി നാടിനു ഉത്സവചായ പകര്‍ന്നു.
ആത്മീയ പുസ്തക സ്റ്റാളുകള്‍ രണ്ടല്ല മൂന്നെണ്ണം.
ഭക്തിഗാന കാസറ്റു കടകള്‍.....
തൃശൂര്‍ റോഡ് ആകെ ബ്ലോക്ക്.
പോലീസ് ഇടപെട്ടു വണ്ടികളെ നാല് കിലോമീറ്റര്‍ വളഞ്ഞ വഴിയിലൂടെ ത്രിശൂരിലോട്ടും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കണ്ടശാങ്കടവിലോട്ടും തിരിച്ചു വിട്ടു.
ജനങ്ങളെ മാറ്റിയാല്‍ ദൈവ കോപം ഭയന്ന് ആരും അതിനു മെനകെട്ടില്ല. എന്റെ കൂടെ CPI (ML) ല്‍ പ്രവര്‍ത്തിച്ചിരുന്നു ബുദ്ധിജീവികളായ നെക്സലെറ്റുകള്‍ രണ്ടു പേര്‍ ദൈവ നാമം ഉരുവിട്ട് മതത്തിലോട്ടു തിരിച്ചു വന്നു. (പോയി.)
പ്രതിഭാസം കാണാന്‍ വന്ന വിദേശ വനിതയുടെ മൂഡില്‍ സ്ഥലത്തെ പ്രധാന ഞെരംബന്‍ കൈപത്തി ചിഹ്നം വരച്ചതിനു അവനെ കോടതി ജയിലില്‍ അടച്ചു.
സംന്യാസികളും പൂജാരികളും മന്ത്രവാദികളും ഞങ്ങളുടെ നാടിനെ വാഴ്ത്തി തുടങ്ങി. പുരാണങ്ങളില്‍ ഇതിനെ പ്രവചിചിട്ടുന്ടെന്നു അവര്‍ മീറ്റ് ദി പ്രസ്സില്‍ അഭിപ്രായപെട്ടു.
അത് എവിടെ......,
ഏതു പുരാണത്തില്‍ ആണെന്ന് മാത്രം രാഷ്ട്രദീപിക ലേഖകനായിരുന്ന എനിക്ക് കാണിച്ചു തന്നില്ല.
ഞാനും മുസ്ലിം മാറി ഹിന്ദു ആയാലോ എന്ന് കരുതി എന്ന് തോന്നുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ മുളയും, വടവും കെട്ടി ആളുകള്‍ ഈ പ്രതിഭാസത്തെ കാണാന്‍ ദര്‍ശന ക്യൂ നിന്ന് തുടങ്ങി.
നാലാം ദിവസം ഈ ക്യൂവില്‍ നില്‍ക്കണമെങ്കില്‍ ഹിന്ദു ആവണമെന്ന് ഒരു ബോര്‍ഡും വന്നു. അഹിന്ദുക്കള്‍ കണ്ടാല്‍ നീരുറവ ശപിക്കുമെത്രേ.
അതിലൂടെ......, ആ ശാപത്തിലൂടെ നാട്ടില്‍ പ്രളയം, പ്രണയം, അഞ്ചാം പനി, ചിക്കന്‍ പോക്സ്, പ്ലേഗ്, എയിഡ്സ് ഇത്യാതി രോഗങ്ങള്‍ ഉണ്ടാവുമെന്ന് പഞാബില്‍ നിന്നും വന്ന സംന്യാസി പ്രവചിച്ചു.
അഞ്ചാം ദിവസം ക്യൂ നില്‍ക്കുന്നവരുടെ കയ്യില്‍ ഓരോ ഒരുലിറ്റര്‍ ബോട്ടിലും കണ്ടു.
ഞാന്‍ ആദ്യം കരുതി. ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ദാഹത്തിനെ ക്ഷമിപ്പിക്കാന്‍ വേണ്ടി വെള്ളം കരുതിയത് ആവുമെന്ന്.
എനിക്ക് തെറ്റി.
ജനങ്ങള്‍ ആ ബോട്ടിലുകളില്‍ നീരുറവ കൊണ്ടുപോകാന്‍ തുടങ്ങി.
രോഗശാന്തി........ മന:ശാന്തി......... പണശാന്തി..... അഥവാ ത്രീ ഇന്‍ വണ്ണ്‍ ഗുണങ്ങള്‍.
ഏഴാം ദിനം ആലിലെയും മാവിലെയും ഇലകള്‍ ഉണഗി വീഴാന്‍ തുടങ്ങി.
വിശ്വാസികള്‍ കരുതി ദൈവം നമ്മെ അനുഗ്രഹിക്കുന്നതു ആണെന്ന്.
ക്യൂവിന്റെ എന്റര്‍ ഭാഗത്തും എക്സിറ്റ് ഭാഗത്തും ഒരു ഭണ്ടാര പെട്ടികളും വന്നു.
വെല്യാഴ്ച (എട്ടാം ദിനം) നീരുറവ മാറി ആലിന്റെ കടഭാഗത്ത് നിന്നും ജലത്തിന്റെ പ്രളയം തുടങ്ങി. അയോദ്യയില്‍ നിന്നും വന്ന സ്വാമ്യാര്‍ പറഞ്ഞു. "ഇന്ന് പള്യാഴ്ച ആണ്. മുസ്ലിം ദൈവങ്ങളുടെ ദുര്‍മന്ത്രവാദം ആണെന്ന്."
എന്റെ ടൌണില്‍ ആകെ വെള്ളപൊക്കം. സ്വാമിയാര്‍ പ്രവചിച്ചു. "ഒഴുകി പോകുന്ന തീര്‍ത്ഥം നിങ്ങള്‍ ആരും വീട്ടില്‍ കൊണ്ട് പോകരുത്. അത് ദുര്ഭൂതങ്ങള്‍ക്കുള്ള തീര്‍ത്ഥം ആണ്.."
ഈ ഉറവയില്‍ നിന്ന് മാത്രമേ ജലം കൊണ്ടുപോകാവൂ.
ശനിയാഴ്തെ പത്രത്തില്‍ ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ (എങ്ങടിയൂര്‍) പൈപ്പ് ലൈനുകളില്‍ വെള്ളം ഇല്ല എന്ന് ന്യൂസ് കണ്ടു.
ശനിയാഴ്ച രാത്രി ആ ആലും മാവും കടപുഴകി വീണു.
തിങ്കളാഴ്ച വാട്ടര്‍ സപ്ലൈ ജീവനക്കാര്‍ വന്നു ആലിന്റെ കടഭാഗത്ത് കിളച്ചു കിളച്ചു പൈപ്പ് ലൈന്‍ ശരിയാക്കി എങ്ങടിയൂര്‍ നിവാസികള്‍ക്ക് ജലലഭ്യത ഉറപ്പാക്കി.
ഈ പത്തു ദിവസം എന്റെ ഗ്രാമത്തില്‍ ഓട്ടോ റിക്ഷക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ ലാഭത്തിനു വാട്ടര്‍ സപ്ലൈ യൂനീറ്റിനു നന്ദി പറയുന്നു.

No comments:
Post a Comment